bjp-leader-note

ഇന്ത്യൻ കറൻസിയിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും രൂപം കൂടി ഉൾപ്പെടുത്തണം എന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാക്കുകൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് തുടക്കമിട്ടത്. ആം ആദ്മി നേതാവ് തന്നെ ഈ ആവശ്യം ഉന്നയിച്ചതിലുള്ള ‍ഞെട്ടലും രാഷ്ട്രീയകേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. പിന്നാലെ ഇതിന്റെ ചുവട് പിടിച്ച് രംഗത്തുവരികയാണ് ബിജെപി നേതാക്കളും. 

 

ഛത്രപതി ശിവജിയുടെ ചിത്രമുള്ള 200 രൂപയുടെ ഫോട്ടോഷോപ്പ് ചിത്രമാണ് ബിജെപി നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിജെപിയുടെ നിതേഷ് റാണെ എംഎൽഎയാണ് ഇത്തരത്തിൽ ശിവജയുടെ ചിത്രം വച്ച നോട്ട് പങ്കിട്ടത്. 'ഇതാണ് പെർഫെക്ട്' എന്ന തലക്കെട്ടും ഇതിന് നൽകുന്നു. അതേസമയം കേജ്‌രിവാളിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസും രംഗത്തെത്തി. എന്തുകൊണ്ട് അംബേദ്കറുടെ ചിത്രം വയ്ക്കുന്നില്ലെന്നാണ് കോൺഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യം. പഞ്ചാബിലെ അനന്ത്പുർ സാഹിബിലുള്ള തിവാരി ട്വിറ്ററിലൂടെയായിരുന്നു പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ ബിജെപിയെ തറപറ്റിക്കാൻ ഹിന്ദുത്വത്തെ ഉപയോഗിക്കുകയാണ് കേജ്‌രിവാളെന്ന് കോൺഗ്രസിന്റെ പഞ്ചാബ് ഘടകം അധ്യക്ഷൻ അമരീന്ദർ സിങ് രാജ പറഞ്ഞു.

 

കേജ്‌രിവാൾ പറഞ്ഞത്:

 

‘എത്ര ആത്‌മാർഥമായി പരിശ്രമിച്ചാലും ചില സമയത്ത് ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ പ്ര‌യത്നം ഫലമണിയുകയില്ല. നമ്മുടെ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കിൽ ഈശ്വരാനുഗ്രഹം കൂടി വേണം. ജനസംഖ്യയിൽ രണ്ടുശതമാനത്തിൽ താഴെ മാത്രം ഹിന്ദുക്കളുള്ള, മുസ്‌ലിം രാജ്യമായ ഇന്തൊനീഷ്യയുടെ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയെങ്കിൽ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനം സ്വീകരിച്ചു കൂടാ? ഒരുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രവും മറുവശത്ത് ഗാന്ധിജിയുടെയും ചിത്രവും വയ്ക്കണം. ഈ കാര്യം ആവശ്യപ്പെട്ട് വൈകാതെ തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കും.’