സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് രാഷ്ട്രീയലക്ഷ്യമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് സ്വപ്ന സര്‍ക്കാരിനെതിരെ മൊഴി നല്‍കിയതെന്ന് എങ്ങനെ പറയാനാകുമെന്ന് ഇഡി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ചോദിച്ചു. നയതന്ത്രബാഗേജില്‍ സ്വര്‍ണം കടത്തിയത് പിടികൂടിയതിന് പിന്നാലെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും ചില കാര്യങ്ങള്‍ മൂടിവയ്ക്കാനുമാണ്. അന്വേഷണം ആവശ്യപ്പെട്ട സര്‍ക്കാര്‍ പിന്നീട് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ഇഡി ആരോപിച്ചു. നാലാം പ്രതിയായ എം.ശിവശങ്കറിന് ഇപ്പോഴും നല്ല സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരു കോടതിയിലേക്ക് മാറ്റണം. ഇഡിക്ക് രാഷ്ട്രീയലക്ഷ്യമുണ്ടെന്ന എം.ശിവശങ്കറിന്റെ വാദവും ഏജന്‍സി തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് സാങ്കല്‍പിക ആശങ്കയാണെന്നും വിചാരണ മാറ്റേണ്ടതില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നു. വിചാരണ മാറ്റണമെന്ന ഇഡി ആവശ്യത്തിനൊപ്പമാണ് പ്രതികളായ സ്വപ്നയും സരിത്തും. ഇഡി സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.