vigilancport-31

സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ സഹോദരന് പങ്കാളിത്തമുള്ള സ്ഥാപനത്തിനുവേണ്ടി കരാര്‍ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപണം. കോഴിക്കോട് സൗത്ത് ബീച്ചില്‍ തുറമുഖവകുപ്പിന്‍റെ കെട്ടിടം പാട്ടത്തിന് നല്‍കിയത് തുച്ഛമായ തുകയ്ക്കെന്ന് ടെന്‍ഡറില്‍ പങ്കെടുത്ത കരാറുകാര്‍. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കുമെന്നും കരാര്‍ പറഞ്ഞു. 

 

കെട്ടിടം പാട്ടത്തിനെടുത്ത കെ.കെ.പ്രദീപ് ആന്‍ഡ് പാട്ണേഴ്സ് കോര്‍പറേഷന്റെയോ തീരദേശപരിപാലന അതോറിറ്റിയുടെയോ അനുമതി ഇല്ലാതെയാണ് നിര്‍മാണം നടത്തിയത്. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരന്‍ എ.എന്‍.ഷാഹിര്‍ മാനേജിങ് പങ്കാളിയായ സ്ഥാപനമാണ് കെ.കെ.പ്രദീപ് ആന്‍ഡ് പാട്ണേഴ്സ്. പ്രതിമാസം  2 ലക്ഷം രൂപവരെ വാടക കിട്ടാവുന്നിരിക്കെ, കെട്ടിടവും 15 സെന്റ് സ്ഥലവും പാട്ടത്തിന് നല്‍കിയത് വെറും 45000 രൂപയ്ക്കാണ്. ടെന്‍ഡറില്‍ ലക്ഷങ്ങള്‍ കോട്ട് ചെയ്തവരെ മറികടന്നായിരുന്നു ഇത്. ഇതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ടെന്‍ഡറില്‍ പങ്കെടുത്തവര്‍ വിജിലന്‍സിനെ സമീപിക്കുന്നത്. 

 

പാട്ടത്തുകയുമായി ബന്ധപ്പെട്ട പരാതിയില്‍ തുറുമുഖ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടികളുടെ നിക്ഷേപം ഇവിടെ പാട്ടത്തിനെടുത്ത കമ്പനി നടത്തുമെന്നും പാട്ടകാലവാധി തീര്‍ന്നാല്‍ ഇത് തുറുമുഖ വകുപ്പിന് മുതല്‍ കൂട്ടാകുമെന്നാണ് പോര്‍ട്ട് ഓഫിസിന്റെ വിശദീകരണം. വിദേശ ബ്രാന്‍ഡുകളുടെ ഉള്‍പ്പടെ നിക്ഷേപം വരുന്നത് ടൂറിസത്തിന് ഊര്‍ജം പകരുമെന്നും ആയതിനാല്‍ തീരദേശ നിയന്ത്രണത്തില്‍ നിന്ന് കെട്ടിടത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പോര്‍ട്ട് ഓഫിസര്‍ കോര്‍പറേഷന് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു.‌

 

Allegation against A N Shamseer's brother in port trust building lease