nia-raid

 

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായവര്‍ ലക്ഷ്യമിട്ടതു അതിതീവ്ര സ്ഫോടനമെന്നു എന്‍.ഐ.എ. അറസ്റ്റിലായ ആറുപേരും ചാവേറായ ജമേഷ മുബിനും ചേര്‍ന്നു മാരക പ്രഹര ശേഷിയുള്ള ഐ.ഇ.ഡി ബോംബുകള്‍ നിര്‍മിക്കാന്‍ സ്ഫോടക വസ്തുക്കള്‍ വാങ്ങികൂട്ടി. തമിഴ്നാട്ടിലെ 43 സ്ഥലങ്ങളിലും പാലക്കാടും എന്‍.ഐ.എ റെയ്ഡ് നടത്തി. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു. ചെന്നൈയില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കേസില്‍ അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുയായിരുന്നു റെയ്ഡ്. കോയമ്പത്തൂരില്‍ ഐ.എസ് ബന്ധത്തെ തുടര്‍ന്നു നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ വീടുകളിലും എന്‍.ഐ.എ സംഘം അരിച്ചുപെറുക്കി. കാറ് സ്ഫോടനമുണ്ടായതിനു സമീപമുള്ള പുല്ലുകാടിൽ നിരവധി വീടുകൾ പരിശോധിച്ചു. കോട്ടൈമേട്, കണിയാമുത്തൂർ, സെൽവപുരം തുടങ്ങി 21 സ്ഥലങ്ങളിലായിരുന്നു കോയമ്പത്തൂരിലെ പരിശോധന. ഇതിനു പുറമെ ചെന്നൈ ഉള്‍പ്പെടെ ഏഴുജില്ലകളിലെ 22 സ്ഥലങ്ങളിലും ഒരേ സമയം പരിശോധനയുണ്ടായി. ചെന്നൈയിൽ പെരമ്പൂർ, പുതുപ്പേട്ടൈ, മണ്ണടി തുടങ്ങി അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്.

പുതുപ്പേട്ടയില്‍ പഴയ വാഹനങ്ങള്‍ വില്‍പന നടത്തുന്ന നിസാമുദ്ദീന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു. ജമേഷ മുബീന് കാർ വിറ്റത് ഇയാളാണെന്നാണു അന്വേഷണ സംഘം നല്‍കുന്ന വിവരം. ഉടമയുടെ േപരുമാറ്റാതെ 10 പേര്‍ കൈമറിഞ്ഞാണു കാർ ജമേഷ മുബീന്‍റെ പക്കൽ എത്തിയതെന്നു നേരത്തേ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുപ്പൂരില്‍ ജമേഷ മുബിന്റെ സഹോദരി ഭര്‍ത്താവ് യൂസഫിനെ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. കോയമ്പത്തൂരില്‍ ജമേഷ മുബിന്റെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ നിന്നു ഫോണുകളും നിരവധി രേഖകളും കണ്ടെടുത്തു. മയിലാടുതുറ സിര്‍കായില്‍ അല്‍ബാസിത് എന്നയാളുടെ വീട്ടില്‍ നിന്നു നിരവധി ഫോണുകളും ഇലക്ട്രോണിക് ഡേറ്റ സ്റ്റോറേജ് ഉപകരണങ്ങളും പിടിച്ചെടുത്തു. പാലക്കാടും എന്‍.ഐ.എ സംഘം പരിശോധന നടത്തി. കൊല്ലങ്കോട് സ്വദേശി ഷേക്ക്  മുസ്തഫയുടെ വീട്ടിലാണു പുലര്‍ച്ചെ എന്‍.ഐ.എ സംഘം എത്തിയത്. ഇയാളുടെ  ഫോണും പാസ്പോര്‍ട്ടും കൂടുതല്‍ പരിശോധനയ്ക്കായി പിടിച്ചെുത്തു. നേരത്തെ ജമേഷ മുബിനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ പൊലീസും ഇയാളെ ചോദ്യം ചെയ്തിരുന്നു.