TAGS

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അകമ്പടി വാഹനത്തില്‍ ഉള്‍പ്പെട്ട പൈലറ്റ് വാഹനത്തില്‍ ചെന്നൈ കോര്‍പ്പറേഷന്‍ മേയര്‍ പ്രിയയും കമ്മിഷണറും തമിഴ്നാട്ടിലെ മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍മാരില്‍ ഒരാളുമായ ഗഗന്‍ദീപ് സിങ് ബേദിയും തൂങ്ങിനിന്നു യാത്ര ചെയ്തത് രാഷ്ട്രീയ വിവാദമാകുന്നു. മന്‍ഡോസ് ചുഴലിക്കാറ്റ് നാശം വിതച്ച  നഗരത്തിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയപ്പോഴാണു മേയറും കമ്മിഷണറും അകമ്പടി വാഹന വ്യൂഹത്തിലെ ഇന്നോവ കാറില്‍ തൂങ്ങിനിന്നു യാത്ര ചെയ്തത്. കാശിമേട് മത്സ്യബന്ധന തുറമുഖത്ത് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ നേരിട്ടുപരിശോധിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രിയും സംഘവും.

മത്സ്യത്തൊഴിലാളികളുമായും തുറമുഖത്തിലെ ജീവനക്കാരുമായി  സംസാരിച്ച ശേഷമാണു തകര്‍ന്ന ബോട്ടുകള്‍ ഉള്ളഭാഗത്തേക്ക് മുഖ്യമന്ത്രി നീങ്ങിയത്. തുറമുഖത്തിന്റെ പ്രധാന ഭാഗത്തു നിന്ന് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അതിവേഗത്തില്‍ നീങ്ങിയതോടെ  മേയറും കമ്മിഷണറും അകമ്പടി വാഹനത്തില്‍ കയറുകയായിരുന്നു. വാഹനം ഒതുക്കി ഉള്ളിലേക്കു കയറാന്‍ സമയമില്ലാതിരുന്നതോടെ ഇരുവരും തൂങ്ങിനിന്നുയാത്ര ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണു സാധാരണ ഇങ്ങനെ യാത്ര ചെയ്യാറുള്ളത്. ഇതിനായി കാറില്‍ പ്രത്യേക ചവിട്ടു പടികള്‍ നിര്‍മിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിലേക്കു പോകുമ്പോള്‍ ഈചവിട്ടുപടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. ഇവര്‍ ഇറങ്ങിച്ചെന്നാണു മുന്നിലെ തടസങ്ങള്‍ നീക്കുന്നതും. ഈചവിട്ടുപടിയിലാണു മേയറും കമ്മിഷണറും കയറിയത്.

മേയറുടെ വാഹനം ഹാര്‍ബറിനു പുറത്തായതിനാലെന്നു വിശദീകരണം

മേയറും കമ്മിഷണറും തൂങ്ങിനിന്നു യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു നിമിഷങ്ങള്‍ക്കകം വൈറലായി. വിമര്‍ശനവും ഉയര്‍ന്നു. ഇതോടെ കോര്‍പ്പറേഷന്‍ വിശദീകരണവുമായി രംഗത്തെത്തി. മേയറും കമ്മിഷണറും വന്ന വാഹനങ്ങള്‍ ഹാര്‍ബറിനു പുറത്താണു പാര്‍ക്കു ചെയ്തിരുന്നത്. പെട്ടെന്നു മുഖ്യമന്ത്രി ബോട്ടുകള്‍ തകര്‍ന്ന ഭാഗത്തേക്കു പോയപ്പോള്‍ ഒപ്പമെത്താനായി അകമ്പടി വാഹനത്തില്‍ കയറുകയായിരുന്നു എന്നാണു വിശദീകരണം. അതേ സമയം നടപടി അനുചിതമായെന്നു പരക്കെ വിമര്‍ശനമുയര്‍ന്നു. നഗരത്തിന്റെ പ്രഥമ പൗരയാണു മേയറെന്നും സ്ഥാനത്തിനു നിരക്കാത്ത നടപടിയാണു തുങ്ങിയുള്ള യാത്രയെന്നുമാണ് ഉയരുന്ന വിമര്‍ശനം.

Mayor and Commissioner hanging from escort vehicle; Controversy