ayurvedic-hospital

മൂട്ടശല്യം രൂക്ഷമായതോടെ  തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് വാര്‍ഡുകള്‍  അടച്ചിടുന്നു. നാലു വാര്‍ഡുകള്‍ ഇതിനകം അടച്ചു. ചികില്‍സ പാതിവഴിയില്‍ എത്തിയ ബാക്കിയുളളവരോട്  പതിനഞ്ചിനകം  ഒഴിയണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. പഴകിയ ബെഡുകള്‍ മാറ്റാത്തതും കീടനിയന്ത്രണം കൃത്യമായി നടപ്പാക്കാത്തതുമാണ് മൂട്ട പെരുകാന്‍ കാരണം

 

684 ബെഡുകളുളള കൂററന്‍ മെഡിക്കല്‍ കോളജ്. 900 പേരെ വരെ കിടത്തി ചികില്‍സിക്കുന്നയിടം .നൂറുകണക്കിന് രോഗികളും 400 ആരോഗ്യപ്രവര്‍ത്തകരും തിക്കിത്തിരക്കിയിരുന്ന വാര്‍ഡുകളിലിപ്പോള്‍ രണ്ടുപേര്‍ മാത്രം..അവര്‍  മൂട്ടയ്ക്ക് മരുന്നടിക്കാന്‍ വന്നവരാണ്. അങ്ങനെ ചികില്‍സ പൂര്‍ത്തിയാക്കും മുമ്പേ കെട്ടും കിടക്കയും എടുത്ത് മടങ്ങുന്നവരയാണ് ഇപ്പോള്‍ കാണാനാകുക. അഞ്ച് ജനറല്‍ വാര്‍ഡില്‍ ഒന്നിലും പേവാര്‍ഡിലും രോഗികളുണ്ട്. അവരോട് 15 നകം ഒഴിയണമെന്നാണ് നിര്‍ദേശം.

 

മുഴുവനായി അടച്ചിടുന്നില്ലെന്നും ഇപ്പോഴുളളവര്‍ ഒഴിയുമ്പോഴേയ്ക്കും ആദ്യം മരുന്നടിച്ച വാര്‍ഡ് തുറക്കാനാകുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ സെപ്ററംബറിലും വാര്‍ഡുകള്‍ അടച്ചിട്ട് വെയര്‍ഹൗസിങ് കോര്‍പറേഷന്‍ മൂട്ടയ്ക്ക് മരുന്നടിച്ചിരുന്നു. കീറിയ ബെഡുകള്‍ക്ക് ഉളളിലും മററും പതുങ്ങിയ മൂട്ടകള്‍ നശിച്ചില്ല. 15 നാള്‍ തികയുംമുമ്പേ മൂട്ടശല്യം വീണ്ടും തുടങ്ങി. വര്‍ഷത്തില്‍ രണ്ടുതവണ മാത്രമാണ് കീട നിയന്ത്രണത്തിന് അനുമതിയുളളത്. അതുപോലും ഫലപ്രദമല്ലെന്ന് തെളിയിക്കുകയാണ് മൂട്ടകടിയില്‍ നിന്ന് രക്ഷപെട്ടോടുന്ന രോഗികള്‍. 

 

Thiruvananthapuram Government Ayurvedic Medical College wards closed