സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് താത്കാലിക ജീവനക്കാരായ ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്താതെ ഒഴിവാക്കുന്നതില്‍ പ്രതിഷേധം. ഇരുപത് വർഷക്കാലം സർക്കാർ സർവീസിൽ ജോലി ചെയ്തവര്‍ സര്‍ക്കാരിന്‍റെ കനിവ് തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ ഒത്തൂകൂടി. 2004 മുതല്‍ 2024 വരെ ജോലി ചെയ്ത എണ്ണൂറിലധികം ഭിന്നശേഷിക്കാര്‍ക്കാണ് ഇപ്പോള്‍ ജോലി നഷ്ടമായത്.
ആംഗ്യങ്ങളിലൂടെ അവർ പങ്കുവെക്കുന്നത് ഒരു സമൂഹത്തിന്‍റെ വേദനകളാണ്. ഒരു സ്ഥിര വരുമാനം ഇവരും സ്വപ്നം കാണുന്നുണ്ട്. ഇരുപത് വർഷത്തിനിടെ വിവിധ കാലയളവിൽ 179 ദിവസം വീതം സർക്കാർ സർവീസിൽ താൽക്കാലിക ജോലി ചെയ്തവരാണ് എല്ലാവരും.
എല്ലാ സർക്കാർ വകുപ്പുകളിലും ഭിന്നശേഷിക്കാർക്കായി നാല് ശതമാനം സംവരണം ഉണ്ട്. ഈ ഒഴിവിലേക്ക് സർവീസ് പരിഗണിച്ച് താൽക്കാലികക്കാരെ പരിഗണിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് കൊണ്ട് താൽക്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താൻ സര്‍ക്കാരിന് സാധിക്കും. ഏറ്റവുമൊടുവില്‍ 2617 ഭിന്നശേഷിക്കാരെ വിവിധ സര്‍വീസുകളിലായി സ്ഥിരപ്പെടുത്തിയത് 2003ലാണ്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിലാണ് ഇനി ഇവരുടെ പ്രതീക്ഷ