തമിഴ്നാട്ടിലെ ചെങ്കോട്ടയ്ക്കു സമീപം പാവൂര്‍ഛത്രത്തില്‍ റെയില്‍വെ ഗേറ്റ് കീപ്പറായ മലയാളി യുവതിക്ക് നേരെ അതിക്രൂര ആക്രമണം. യുവതിയെ പീഡിപ്പിക്കാനും ശ്രമിച്ച അക്രമിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. പരുക്കേറ്റ കൊല്ലം സ്വദേശിനിയായ യുവതി തിരുനെല്‍വേലി ആശുപത്രിയില്‍ ചികില്‍സയിലാണ്. തെങ്കാശിയിൽ നിന്ന് ഇരുപതു കിലോമീറ്റർ അകലെ പാവൂർഛത്രം റെയിൽവേ ഗേറ്റിലാണ് അതിക്രൂരമായ അതിക്രമം ഉണ്ടായത്. ഇന്നലെ രാത്രി എട്ടരയ്ക്കും ഒൻപതിനും മധ്യേ ഗാർഡ് മുറിയിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയായിരുന്നു. പാവൂർഛത്രം റയിൽവേ സ്റ്റേഷന് സമീപമാണ് റയിൽവേ ഗേറ്റും ഉള്ളത്. പാസഞ്ചർ ട്രെയിൻ കടന്നുപോയതിനു ശേഷം മുറിയിൽ വിശ്രമിക്കുകയായിരുന്നു യുവതി. കല്ലുപയോഗിച്ച് യുവതിയുടെ മുഖത്ത് അടിച്ചു. കുതറി മാറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണപ്പോൾ ചവിട്ടി .റെയിൽവേ ട്രാക്കിലൂടെ ഓടിയപ്പോൾ പിന്തുടർന്ന് പീഡിപ്പിക്കാനും ശ്രമിച്ചു.
നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷകരായി എത്തിയത്. രാത്രിയിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുനെൽവേലിയിലെ റെയിൽവേയുടെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വൈകുന്നേരമായാൽ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് കുറവാണ്. വിജനമായ പ്രദേശത്താണ് പാവൂർചത്രം റെയിൽവേ ഗേറ്റ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊല്ലം സ്വദേശിനിയായ യുവതി അമ്പാസമുദ്രത്തിലാണ് ഭർത്താവിനൊപ്പം താമസം.
Women railway gatekeeper attacked in Tamilnadu Pavoorchatram