ദക്ഷിണ റെയില്‍വേയുടെ ഭാഗമായ രാമനാഥപുരത്തെ പാമ്പൻ റെയിൽവേ കടൽപ്പാലത്തിലെ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ രണ്ടുദിവസത്തെ പരിശോധന പൂർത്തിയായി. പരിശോധനയുടെ രണ്ടാം ദിവസമായ ഇന്നലെ 90 കിലോമീറ്റർ വേഗതയിലാണ് ട്രെയിന്‍ പാലത്തിനും മണ്ഡപം റെയില്‍വേ സ്റ്റേഷനും ഇടയിലൂടെ ഓടിയത്. പാലത്തിന്‍റെ സ്പാൻ കടക്കുമ്പോൾ വേഗത കുറച്ചെങ്കിലും 80 കിലോമീറ്റർ വേഗത്തില്‍ ട്രെയിന്‍ കടന്നുപോയി. പാലത്തിലൂടെ മണ്ഡപം മുതൽ രാമേശ്വരം വരെയും തിരികെയുമായിരുന്നു അതിവേഗ പരീക്ഷണയോട്ടം. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധനയും പൂർത്തിയായതോടെ പുതുതായി നിർമിച്ച പാമ്പൻ പാലം ഉടൻ ഗതാഗതത്തിനായി തുറക്കും.
സ്പീഡ് ട്രയൽ നടത്തുന്നതിന് മുമ്പായി സിആർഎസ് എഎം ചൗധരിയും ഉദ്യോഗസ്ഥരുടെ സംഘവും പാലത്തിന്‍റെ വെർട്ടിക്കൽ ലിഫ്റ്റ് ഗർഡർ പരിശോധിച്ചിരുന്നു. റെയിൽ വികാസ് നിഗം ലിമിറ്റഡിലെ (ആർവിഎൻഎൽ) ഉദ്യോഗസ്ഥർ പാലത്തിന്‍റെ പ്രവർത്തനം സിആർഎസിനും ഉദ്യോഗസ്ഥർക്കും കാണിച്ചുകൊടുത്തു. പാലം പരിശോധിച്ച ശേഷം സിആർഎസും സംഘവും പാമ്പനും മണ്ഡപത്തിനും ഇടയിൽ ഇൻസ്പെക്‌ഷൻ ട്രെയിൻ ഉപയോഗിച്ച് സ്പീഡ് ട്രയൽ നടത്തി. എൻജിൻ കൂടാതെ 7 കോച്ചുകൾ ഘടിപ്പിച്ച ട്രെയിന്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണയോട്ടം. പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിനുകളുടെ വേഗത സിആർഎസിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്.
പുതിയ പാമ്പൻ പാലത്തിന്‍റെ വെർട്ടിക്കൽ ലിഫ്റ്റ് ഗർഡർ സ്പാൻ ഒരു എന്‍ജിനീയറിങ്ങ് അത്ഭുതമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗതം ഉറപ്പാക്കുന്നു. പഴയ പാലത്തെക്കാൾ 3 മീറ്റർ അധികം ഉയർത്തുകയും ചെയ്യാമെന്ന് റെയില്‍ വികാസ് നിഗം ഉദ്യോഗസ്ഥർ പറഞ്ഞു. കടലിൽ 545 കോടി രൂപ ചെലവിൽ നിർമിച്ച രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണിത്. പാമ്പന്‍ പാലത്തിന്‍റെ കൂടാതെ രാമേശ്വരം സ്‌റ്റേഷനിലും നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പഴയ റെയിൽവേ പാലത്തിൽ ഘടിപ്പിച്ച സെൻസറുകൾ റെഡ് അലർട്ട് നൽകിയതിനെത്തുടർന്ന് 2022 ഡിസംബറിൽ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ട്രെയിൻ ബന്ധം നിർത്തിവച്ചിരുന്നു. നൂറ്റാണ്ട് പഴക്കമുള്ള പാമ്പൻ റെയിൽവേ കടൽപാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്താണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) അടുത്തുതന്നെ പുതിയ പാലം നിർമിച്ചത്. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ പാലം ഗതാഗതത്തിനായി തുറക്കുമെന്നാണു വിവരം. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നും സൂചനയുണ്ട്.