chairmanwb

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി പ്രശസ്ത സംവിധായകന്‍ സയിദ് അക്തര്‍ മിര്‍സ ചുമതലയേറ്റു.  വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പുതിയ തുടക്കം കുറിക്കുമെന്ന് സയിദ് മിര്‍സ പറഞ്ഞു. അന്വേഷണ കമ്മിഷനുകള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍  നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ജാതി അധിക്ഷേപം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ശങ്കര്‍മോഹന്‍ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനം രാജിവെക്കുകയും തൊട്ടുപിറകെ അടൂര്‍ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍സ്ഥാനം ഒഴിയുകയും ചെയ്തതോടെയാണ് പുതിയ നിയമനത്തിന് വഴിതുറന്നത്. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ചെയര്‍മാനും സംവിധായകനുമായ സയിദ് അക്തര്‍ മിര്‍സ സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ട് ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കാന്‍ തയാറായി. മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.  

അനുരാഗ് കാശ്യപ് ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്ന മാസ്റ്റേഴ്സ് ഇന്‍ റസിഡന്‍സ് പ്രോഗ്രാം നടപ്പാക്കും. വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിക്കൊണ്ടാവും സയിദ് മിര്‍സ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.  ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങള്‍ പഠിച്ച രണ്ട് കമ്മിഷനുകളുടെയും ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.  സയിദ് മിര്‍സ കെ.ആര്‍നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചെയര്‍മാനായതില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

 

Saeed Akhtar Mirza appointed as new chairman of KR Narayanan Institute