വഖഫ് നിയമഭേദഗതി കേരളത്തില്‍ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബിജെപി. പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ഇന്ന് വൈകിട്ട് മുനമ്പത്ത് എത്തും. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിലെ ക്രൈസ്തവ വോട്ടുബാങ്കിലേക്ക് തന്നെയാണ് ബിജെപിയുടെ കണ്ണ്. അതുകൊണ്ടു തന്നെയാണ് ഭേദഗതി പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കകമാണ് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജു മുനമ്പത്ത് എത്തുന്നതും.
പാര്‍ലമെന്‍റില്‍ ഇടത്, യുഡിഎഫ് എംപിമാര്‍ സ്വീകരിച്ച നിലപാടില്‍ ഊന്നിയാകും ബിജെപിയുടെ പ്രചരണം. ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തെ അംഗീകരിക്കാത്ത എംപിമാരുടെ നിലപാടും ഉയര്‍ത്തിക്കാട്ടും. ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് കിരണ്‍ റിജിജു അവകാശപ്പെട്ടിരുന്നു.
വഖഫ് നിയമഭേദഗതി പാസായതിന് പിന്നാലെ മുനമ്പത്തുനിന്ന് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നിയമഭേദഗതി മുനമ്പത്തെ ജനതയെ രക്ഷിച്ചെന്നാണ് ബിജെപി നടത്തുന്ന പ്രചാരണവും. ഭൂമി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി പള്ളി മുറ്റത്ത് നിരാഹാരമിരിക്കുന്ന മുനമ്പം ജനതയുടെ സമരപ്പന്തലിലേക്കാകും കേന്ദ്രമന്ത്രി എത്തുക. കിരണ്‍ റിജിജുവിനൊപ്പം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും മറ്റ് എന്‍ഡിഎ നേതാക്കളും ഉണ്ടകും. ഈ മാസം ഒന്‍പതിന് മന്ത്രി മുനമ്പത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ച പരുപാടികള്‍ ഉള്ളതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്.