പാലക്കാട് തൃത്താല മലമല്‍ക്കാവില്‍ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കുന്നുമല്‍ പ്രഭാകരന്റെ വീട് പൂര്‍ണമായും തകര്‍ന്നതിനൊപ്പം സമീപത്തെ അഞ്ച് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക നിഗമനം.  

 

രാത്രി എട്ടരയോെടയായിരുന്നു സ്ഫോടനം. വീട്ടിലുണ്ടായിരുന്ന പ്രഭാകരന്‍, ഭാര്യ ശോഭ, മകന്റെ ഭാര്യ വിജിത, വിജിതയുടെ മക്കളായ നിവേദ്കൃഷ്ണ, അശ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്ഫോടനത്തില്‍ പ്രഭാകരന്റെ വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ അഞ്ച് വീടുകള്‍ക്കും കേടുപാടുണ്ട്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമെന്ന് അഗ്നിശമനസേനയുടെ പരിശോധനയില്‍ വ്യക്തമായി. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തി. സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകള്‍ സ്‌ഫോടനത്തില്‍ പൊട്ടി വീണു. ഇതെത്തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം വൈദ്യുതി വിതരണം തടസപ്പെട്ടു. പ്രഭാകരൻ സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയാണ്. സ്ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

 

 

Explosion inside a house in Thrithala