സർക്കാരിന്റെ വൈക്കം സത്യാഗ്രഹശതാബ്ദി ആഘോഷത്തിനായി പിആർഡി നൽകിയ പത്രപരസ്യത്തിൽ എംഎൽഎ സി കെ ആശയുടെ പേരും ചിത്രവും ഒഴിവാക്കിയതിൽ സിപിഐക്ക് കടുത്ത അതൃപ്തി. തെറ്റ് ചൂണ്ടിക്കാണിച്ച സിപിഐ ജില്ലാ നേതൃത്വം സംസ്ഥാന സർക്കാരിന് പരാതി നൽകി. എന്നാൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സർക്കാർ പരിപാടിയെ മോശമായി കാണിക്കാനുള്ള പ്രചാരണങ്ങൾ ആണ് നടക്കുന്നതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു

 

കെപിസിസി സംഘടിപ്പിച്ച സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരനും ശശി തരൂരിനും പ്രസംഗിക്കാൻ അവസരം കൊടുക്കാത്തതാണ് വിവാദമായതെങ്കിൽ സർക്കാർ  പരിപാടിയിൽ പത്രപരസ്യത്തിൽ എംഎൽഎയുടെ പേര് ഒഴിവാക്കിയതാണ് അതൃപ്തി ഉണ്ടാക്കുന്നത്. പിആർഡി നൽകിയ പരസ്യത്തിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും പട്ടികജാതി എംഎൽഎയോട് അവഗണന കാണിച്ചു എന്നുമാണ് സിപിഐ സൈബർ ഇടങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നത്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് പരാതി നൽകിയ സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു പിആർഡി തെറ്റുതിരുത്തണമെന്നും കർശന നിലപാട് എടുത്തു 

 

പരാതി സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് സിപിഐ ജില്ലാ സെക്രട്ടറി പറയുന്നതെങ്കിൽ അങ്ങനെയൊരു പരാതിയുമില്ലെന്നാണ് മന്ത്രി വി എൻ വാസവൻ പറയുന്നത്. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ പിആർഡി അത് തിരുത്തട്ടെ എന്നും മന്ത്രി 

 

കുമരകം ജി 20 യുടെ പത്രപരസ്യത്തിൽ  സ്ഥലം എംഎല്‍എ വി എൻ വാസവനെ ഒഴിവാക്കിയില്ലല്ലോ എന്നാണ് സിപിഐ പ്രവർത്തകരുടെ ചോദ്യം.  മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ് പിആർഡി.  ആരു കൈകാര്യം ചെയ്യുന്നു എന്നതിലല്ല തെറ്റ് പറ്റിയാൽ അത് തിരുത്തണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഉറപ്പിച്ചു പറയുന്നതോടെ സിപിഐ നേതൃത്വത്തിന്റെ അതൃപ്തി വ്യക്തമാവുകയാണ്