നാണ്യപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വായ്പ നിരക്ക് ഉയര്‍ത്തുമോയെന്ന് നാളെ അറിയാം. റീപ്പോ നിരക്ക് കാല്‍ശതമാനം കൂട്ടിയേക്കുമെന്ന് സൂചനയുണ്ട്. യുഎസിലെ സിലിക്കണ്‍ വാലി ബാങ്കിന്‍റെ തകര്‍ച്ച ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെയും ബാധിക്കാമെന്ന ആശങ്ക റിസര്‍വ് ബാങ്ക് പാര്‍ലമെന്‍ററി സമിതിയെ അറിയിച്ചു. 

 

2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ധനനയ പ്രഖ്യാപനമാണ് നടക്കാനിരിക്കുന്നത്. നാണ്യപ്പെരുപ്പം ആര്‍ബിെഎയുടെ ക്ഷമതാപരിധിയായ ആറ് ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ റിപ്പോ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. മേയ് മുതല്‍ 250 ബേസിസ് പോയിന്‍റ് ഉയര്‍ത്തിയിട്ടുണ്ട്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയ നാണ്യപ്പെരുപ്പം ജനുവരിയില്‍ 6.52 ശതമാനവും ഫെബ്രുവരിയില്‍ 6.44 ശതമാനവുമായിരുന്നു. ഭവന വായ്പാനിരക്ക് ഉള്‍പ്പെടെ വന്‍തോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റീപ്പോ നിരക്ക് ഉയര്‍ത്തുന്നത് തിരിച്ചടിയാകാമെന്നും വിലയിരുത്തലുണ്ട്. 

 

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബാങ്കിങ് മേഖലയിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് സിലിക്കണ്‍ വാലി ബാങ്കിന്‍റേത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കേണ്ട രാജ്യാന്തര ഫണ്ടിനെ ഇത് ബാധിക്കാമെന്ന് ആര്‍ബിെഎ ജയന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്‍ററി സമിതിയെ അറിയിച്ചു. ഹ്രസ്വകാലത്തേയ്ക്ക് പരിമിതമായ പ്രതിസന്ധിയേ നേരിടാന്‍ സാധ്യതയുള്ളൂ. രാജ്യാന്തരതലത്തില്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ തിരിച്ചടികള്‍ ഫണ്ടുകളെ ഇതിനോടകം ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബാങ്കിങ് മേഖല ശക്തമാണെന്ന് പാര്‍ലമെന്‍ററി സമിതി വിലയിരുത്തി. 

 

RBI set to hike repo rate