അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുകയില്ലാത്തതിന്‍റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ പിരിച്ചെടുത്തത് 8494 കോടി രൂപയെന്ന് കണക്ക്. അഞ്ച് വര്‍ഷത്തിനിടെ 12 ബാങ്കുകള്‍ പിരിച്ച തുകയുടെ കണക്ക് ലോക്സഭയിലാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.
പിഴത്തുക പിരിച്ചെടുത്തവരില്‍ മുന്‍പന്തിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 1537 കോടി രൂപയാണ് ഈ ഇനത്തില്‍ അക്കൗണ്ടുടമകളെ പിഴിഞ്ഞ് ബാങ്ക് സ്വരൂപിച്ചത്. തൊട്ടുപിന്നാലെ ഇന്ത്യാ ബാങ്ക് (1466കോടി), ബാങ്ക് ഓഫ് ബറോഡ (1250 കോടി) എന്നിവയുമുണ്ട്. കാനറ ബാങ്ക് 1157 കോടി, ബാങ്ക് ഓഫ് ഇന്ത്യ 827 കോടി, എസ്.ബി.ഐ (2019–20 വര്‍ഷത്തില്‍) 640 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 587 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 414 കോടി, യൂകോ ബാങ്ക് 66 കോടി, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 55 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 19 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.
മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കാന്‍ 2015ലാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. അതത് ബാങ്കുകളുടെ ബോര്‍ഡുകള്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. 2020 ല്‍ എസ്.ബി.ഐ മിനിമം ബാലന്‍സ് നിബന്ധന എടുത്ത് കളയുകയും ചെയ്തു. 2018ന് ശേഷം രാജ്യത്തെ ബാങ്കുകള്‍ മിനിമം ബാലന്‍സിനത്തില്‍ പിഴയീടാക്കിയത് 21,044 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മെട്രോ, നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവ അനുസരിച്ചാണ് ഓരോ ബാങ്കുകളും മിനിമം ബാലന്‍സ് തുക നിശ്ചയിച്ചിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് ഇത് യഥാക്രമം 2000,1000,500 എന്നിങ്ങനെയായിരുന്നു. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ 250,150,100 എന്നിങ്ങനെയാണ് പിഴ ഈടാക്കിക്കൊണ്ടിരുന്നത്. ബാങ്കുകള്‍ അനുസരിച്ച് ഈ തുകയില്‍ വ്യത്യാസങ്ങളുണ്ട്. മിനിമം ബാലന്‍സ് തുക ഇല്ലാത്ത വിവരം അക്കൗണ്ട് ഉടമകളെ നിര്‍ബന്ധമായും അറിയിക്കണമെന്നും ചട്ടത്തിലുണ്ട്.