dgp-letter

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരെ നിയന്ത്രിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ടു ജയിൽ മേധാവിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കത്ത്. ജയിലിൽ തടവുകാർ തമ്മിലുള്ള സംഘർഷവും ലഹരി ഉപയോഗവും വ്യാപകമെന്നും ഇതിന് കൈക്കൂലി വാങ്ങി ജീവനക്കാർ ഒത്താശ ചെയ്യുന്നുവെന്നും അനിൽ കാന്തിന്റെ റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. ജയിലിന്റെ പ്രവർത്തനത്തെ വിമർശിച്ച് ഡി.ജി.പി നേരിട്ട് ജയിൽ മേധാവിക്ക് കത്ത് നൽകുന്നത് അപൂർവമാണ്. പകർപ്പ് മനോരമ ന്യൂസിന്.

 

തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ അഴിഞ്ഞാട്ടമെന്ന് സ്ഥിരീകരിക്കുകയാണ് ഡി.ജി.പി.തൃശൂർ കമ്മീഷണർ അങ്കിത് അശോകൻ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനിൽ കാന്തിന്റെ അസാധാരണ നടപടി. 6 മാസത്തിനിടെ 6 തവണ തടവുകാർ ഏറ്റുമുട്ടി. ഇതിന് ഒരു കാരണം ക്രിമിനലുകൾ തമ്മിലെ കുടിപ്പകയും നേതാവാകാനുള്ള ശ്രമങ്ങളുമാണ്. ലഹരി വസ്തുക്കൾ പുറത്ത് നിന്ന് യഥേഷ്ടം തടവുകാർക്ക് ലഭിക്കുന്നതും അക്രമം വർധിപ്പിക്കുന്നു. 

 

ചില ഉദ്യോഗസ്ഥർ തന്നെ തടവുകാർക്ക് ലഹരി എത്തിച്ച് നൽകുന്നു. മറ്റ് ചിലർ പരിശോധനയിൽ വിട്ടുവീഴ്ച ചെയ്ത് ലഹരി ജയിലിലെത്തിക്കാൻ ഒത്താശ ചെയ്യുന്നു. തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിട്ടാണ് ഈ ഇടപെടലുകളെല്ലാം. എന്നാൽ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി പോലുമില്ല. ഇത്തരത്തിൽ ഗുരുതര കുറ്റപ്പെടുത്തലുകളും വെളിപ്പെടുത്തലുകളുമാണ് റിപ്പോർട്ടിലുള്ളത്. തടവുകാരെ നിയന്ത്രിക്കാനുള്ള മാർഗങ്ങളും നിർദേശിക്കുന്നുണ്ട്. 

 

തടവുകാർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. സ്ഥിരമായി ഒരേ ജയിലി ലിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണം. തടവുകാരുടെ എണ്ണം അനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടണം തുടങ്ങിയവയാണ് ഉപദേശങ്ങളിൽ ചിലത്. ജയിലിൽ ഏറ്റുമുട്ടലുകളും ലഹരിയുടെയും മൊബൈൽ ഫോണിൻ്റെയും ഉപയോഗവും വ്യാപകമെന്ന് പൊലീസ് മേധാവി തന്നെ സ്ഥിരീകരിച്ചതോടെ എല്ലാം ഭദ്രമെന്ന സർക്കാരിൻ്റെയും ജയിൽ വകുപ്പിന്റേയും അവകാശവാദം പൊളിയുകയാണ്.