AI-Camera-installed-2404

എ.ഐ ക്യാമറകളിലൂടെ പിടികൂടുന്ന പിഴത്തുകയില്‍ സിംഹഭാഗവും പോകുന്നത് കരാര്‍ ഏറ്റെടുത്ത സ്വകാര്യകമ്പനിയായ ശോഭ റെണൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക്. മൂന്ന് മാസം കൂടുമ്പോള്‍ പിഴത്തുകയില്‍ നിന്ന് പതിനൊന്നരക്കോടി രൂപ വീതം കമ്പനിക്ക് നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ക്യാമറകള്‍ക്കും ഉപകരണങ്ങള്‍ക്കും കമ്പനി ഈടാക്കിയത് വിപണി വിലയേക്കാള്‍ ഉയര്‍ന്ന തുക. ഇത് ഉള്‍പ്പെടെയുള്ള കരാര്‍ വ്യവസ്ഥകളില്‍ എതിര്‍പ്പ് നിലനില്‍ക്കെയാണ് അന്തിമ അനുമതി നല്‍കിയത്. എതിര്‍പ്പ് വ്യക്തമാക്കുന്ന അന്തിമ അനുമതി ഉത്തരവ് മനോരമ ന്യൂസ് പുറത്തുവിട്ടു. 

നാട്ടുകാരുടെ നിയമലംഘനം പിടികൂടാന്‍ നാടുനീളെ 726 ക്യാമറകളാണ്. പ്രതിദിനം നാല്‍പ്പതിനായിരത്തോളം പേരില്‍ നിന്ന് പിഴയീടാക്കും. ഈ തുകയെല്ലാം എവിടെ പോകുന്നൂവെന്ന് ചോദിച്ചാല്‍ വലിയൊരു ഭാഗവും പോകുന്നത് ബെംഗളൂരു കമ്പനിയുടെ കീശയിലേക്ക്. 232 കോടി പദ്ധതിയില്‍ 150 കോടിയിലേറെ രൂപയും ഇതിനകം എസ്.ആര്‍.ഐ.ടി കമ്പനി ചെലവാക്കിയെന്നാണ് കണക്കുകള്‍. അഞ്ച് വര്‍ഷംകൊണ്ട് ഇത് തിരിച്ച് നല്‍കണം. അതിനാണ് സര്‍ക്കാര്‍ നാട്ടുകാരില്‍ നിന്ന് പിരിക്കുന്ന പിഴത്തുകയെ ആശ്രയിക്കുന്നത്. ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുകയില്‍ 50 ശതമാനം റോഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറി റോഡ് സുരക്ഷാ പദ്ധതികള്‍ക്ക് ഉപയോഗിക്കാമെന്ന് നിയമമുണ്ട്. അത് മറയാക്കിയാണ് സ്വകാര്യകമ്പനിയുടെ കടംവീട്ടാന്‍ പിഴത്തുക ഉപയോഗിക്കുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ 11.67 കോടി വീതം ഗതാഗത കമ്മീഷണര്‍ കെല്‍ട്രോണിനും അവര്‍ എസ്.ആര്‍.ഐ.ടിക്കും കൈമാറും

സ്വകാര്യകമ്പനി മുടക്കിയ പണമല്ലേ തിരിച്ച് നല്‍കുന്നത് എന്നതാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് അവര്‍ പെരുപ്പിച്ച് നല്‍കിയ കണക്ക് കെല്‍ട്രോണ്‍ അംഗീകരിച്ചതാണ് ഈ പദ്ധതിയുടെ സാമ്പത്തികനേട്ടം മുഴുവന്‍ സ്വകാര്യ കമ്പനിയിലേക്ക് ഒഴുകാന്‍ ഇടയാക്കിയത്. 726ല്‍ 700 എണ്ണമാണ് എ.ഐ ക്യാമറ. 5.5 ലക്ഷം രൂപയ്ക്ക് ലഭിക്കേണ്ട ഈ ക്യാമറയ്ക്ക് 9.37 ലക്ഷമാണ് ഈടാക്കുന്നത്. അമിതവേഗം പിടികൂടാനുള്ള റഡാര്‍ സിസ്റ്റത്തിന് 49 ലക്ഷവും ട്രാഫിക് സിഗ്നല്‍ ലംഘനം പിടിക്കാനുള്ള കാമറകള്‍ക്ക് 15 ലക്ഷവും. യഥാര്‍ത്ഥ വിലയ്ക്കൊപ്പം അഞ്ച് വര്‍ഷത്തെ പലിശകൂടി ചേര്‍ത്തതാണ് ഈ വന്‍വിലയ്ക്ക് കാരണമെന്ന് കെല്‍ട്രോണ്‍ ന്യായീകരിക്കുന്നു. ഇത്തരത്തില്‍ ധൂര്‍ത്തും സാമ്പത്തിക നഷ്ടവും അഴിമതി സാധ്യതയും നിറഞ്ഞതാണ് പദ്ധതിയെന്ന് അന്തിമ അനുമതി നല്‍കിയപ്പോള്‍ സര്‍ക്കാര്‍ തന്നെ വിലയിരുത്തിയെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. എല്ലാ നടപടികളും പൂര്‍ത്തിയായ ഈ ഘട്ടത്തില്‍ പദ്ധതി റദ്ദാക്കാനാവാത്തതുകൊണ്ട് മാത്രം അനുമതി നല്‍കുന്നൂവെന്ന് ഗതാഗതസെക്രട്ടറി ഉത്തരവില്‍ രേഖപ്പെടുത്തിയത്.

The contract company charges higher than the market price for AI cameras