പാലക്കാട്ടെ കഞ്ചിക്കോട്ട് വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റിനും ബ്രൂവറിക്കുമായി തിടുക്കപ്പെട്ട് ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍ ഒന്നാം ഘട്ടത്തില്‍ വിദേശമദ്യ ബോട്ട്‌ലിങ് യൂണിറ്റ് സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ എഥനോളും മൂന്നാംഘട്ടത്തില്‍ മാള്‍ട്ട് സ്പിരിറ്റും നിര്‍മിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നാലാംഘട്ടമായാകും ബ്രൂവറി സ്ഥാപിക്കുകയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 600 കോടി രൂപയാണ് ബ്രൂവറിക്കായുള്ള മുതല്‍മുടക്ക്. 2023–24 ലെ മദ്യനയം അടിസ്ഥാനമാക്കിയാണ് അനുമതി നല്‍കിയത്. ബ്രൂവറിയിലേക്ക് വെള്ളം നല്‍കുന്നതിനായി ജല അതോറിറ്റിയും അനുമതി നല്‍കി.
അതേസമയം, ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എലപ്പുള്ളി പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസായതിനാല്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഒയാസിസ് ഗ്രൂപ്പ് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സ്ഥാപനമാണെന്നും പഞ്ചാബിലെ അവരുടെ യൂണിറ്റിനെതിരെ ശക്തമായ സമരം നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഭൂഗര്‍ഭജലം ഊറ്റുന്നതിനും മലിനീകരണത്തിനുമെതിരെയാണ് അവിടെ സമരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സൈസ് മന്ത്രി കമ്പനിയെ പുകഴ്ത്തുകയാണെന്നും എന്ത് കിട്ടിയെന്ന് പറയണമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബ് മുന്‍ എംഎല്‍എയും ശിരോമണി അകാലിദള്‍ നേതാവുമായ ദീപ് മല്‍ഹോത്രയുടെ ഉടമസ്ഥതയിലുള്ള മദ്യനിര്‍മാണ, വിപണന സ്ഥാപനമാണ് ഒയാസിസ് ഗ്രൂപ്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ദീപ് മല്‍ഹോത്രയുടെ മകനും ഒയാസിസ് ഗ്രൂപ്പ് ഡയറക്ടറുമായ ഗൗതം മല്‍ഹോത്രയും ഉള്‍പ്പെട്ടിരുന്നു. 2023 ഫെബ്രുവരിയില്‍ ഇഡി ഇയാളെ അറസ്റ്റ്ചെയ്തു. എഎപി നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് ഗൗതം മല്‍ഹോത്രയെ കേസുമായി ബന്ധിപ്പിച്ചത്. ഉടമകളുടെ വസതികളിലും സ്ഥാപനങ്ങളിലും പലതവണ ഇ.ഡി, ആദായനികുതി വകുപ്പ് റെയ്ഡും നടന്നിട്ടുണ്ട്. ഇക്കാര്യമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.