ulccssrit-25

എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന എസ്.ആര്‍.ഐ.ടി കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 2018 ല്‍ സംയുക്ത സംരംഭം പിരിച്ചുവിട്ടെന്നാണ് ഊരാളുങ്കല്‍ പറയുന്നതെങ്കിലും 2022 വരെയും ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയതായി രേഖകള്‍ പറയുന്നു. അതേസമയം ക്യാമറ സ്ഥാപിച്ചതുമായി ബന്ധമില്ലെന്ന് ഉപകരാര്‍ ലഭിച്ച കോഴിക്കോട്ടെ പ്രസേഡിയോ കമ്പനി വ്യക്തമാക്കി. 

 

ആശുപത്രി സോഫ്റ്റ്‍വെയർ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് 2016 ല്‍ എസ്.ആര്‍.ഐ.ടിയുമായി ചേര്‍ന്ന് ULCC SRIT എന്ന സംയുക്ത സംരംഭം ആരംഭിച്ചിരുന്നുവെന്നും പദ്ധതി അവസാനിച്ചതോടെ  2018ൽ ഇത്  പിരിച്ചുവിട്ടെന്നുമായിരുന്നു ഊരാളുങ്കലിന്റ വിശദീകരണം. എന്നാല്‍ 2018ന്  ശേഷവും കമ്പനി പ്രവർത്തിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ഓഡിറ്റ് റിപ്പോര്‍ട്ട് രേഖകള്‍. 2020–21, 2021–22 സാമ്പത്തിക വർഷങ്ങളില്‍ തയാറാക്കിയ  റിപ്പോര്‍ട്ടില്‍ രണ്ടു കമ്പനികളുടെയും ഡയറക്ടർമാരും ഒപ്പിട്ടിട്ടുണ്ട്. 

 

അതേസമയം ക്യാമറ സ്ഥാപിച്ചതുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് എസ്.ആര്‍.ഐ.ടി ഉപകരാര്‍ നല്‍കിയ കോഴിക്കോട്ടെ പ്രസേഡിയോ ടെക്നോളജീസ് വ്യക്തമാക്കി. ജില്ലകളില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കുന്ന ജോലികള്‍ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. 14 കോടി രൂപയുടെ പ്രൊജക്ട്. ഒന്നരവര്‍ഷം മുമ്പ് തന്നെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയെന്നും ചെയ്ത ജോലിയുടെ 80 ശതമാനം പണവും എസ്.ആര്‍.ഐ. ടി നല്‍കിയെന്നും ഡയറക്ടര്‍മാരിലൊരാളായ ഒ.ബി രാംജിത്ത് പറഞ്ഞു. ഒരു രാഷ്ട്രീയനേതാക്കളുമായി ബന്ധമില്ല. 2018 ലാണ് കമ്പനി റജിസ്റ്റര്‍ ചെയ്തത്. ഉപകരാറിനായി എസ്.ആര്‍.ഐ.ടിയെ അങ്ങോട്ട് സമീപിച്ചുവെന്നത് ശരിയാണ്. തുടക്കത്തില്‍ മാസ്റ്റര്‍ ലൈറ്റനിങ് ഇന്ത്യ കമ്പനിയുമായി ചേര്‍ന്ന് 151 കോടിയുടെ കരാര്‍ എസ്.ആര്‍.ഐ.ടിയുമായി ഒപ്പിട്ടിരുന്നു.പക്ഷെ മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ കരാര്‍ റദ്ദാക്കി. ഉത്തരേന്ത്യയിലടക്കം പ്രധാന പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ് പ്രസേഡിയോയെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണന്നും രാംജിത്ത് വ്യക്തമാക്കി.  

 

ULCC prepared joint audit report with SRIT till 2022