ai-lyte-master-22

TAGS

എ.ഐ ക്യാമറാ പദ്ധതിയിലെ ഒരു വിഹിതം തുടര്‍ഭരണം നേടാനുള്ള ചെലവിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഗുരുതര വെളിപ്പെടുത്തലുമായി കരാര്‍ കമ്പനി ഉടമ. പദ്ധതിയില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ച ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ജെയിംസ് പാലമുറ്റമാണ്  ഇക്കാര്യം മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കമ്മീഷന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ ഒ.ബി.രാംജിത്തെന്നും ജയിംസ് അറിയിച്ചു.

പദ്ധതി തുകയായ 151 കോടിയില്‍ നിന്ന് 75 കോടി മുടക്കി ഉപകരണങ്ങള്‍ വാങ്ങാനായിരുന്നു പര്‍ച്ചേസ് ഓര്‍ഡര്‍. അവശേഷിക്കുന്ന തുകയിലെ ഒരു വിഹിതം കമ്മീഷനായി നല്‍കണം. ബാക്കി തുകയുടെ 60 ശതമാനം പ്രസാഡിയോയും 40 ശതമാനം ലൈറ്റ് മാസ്റ്ററിനുമായി വീതിച്ചെടുക്കാനുമായിരുന്നു ധാരണ. കമ്മീഷന്‍ നല്‍കുന്നത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല. ഇടത് പാര്‍ട്ടികള്‍ക്ക് കൂടിയെന്ന് സൂചിപ്പിക്കുന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. തുടര്‍ഭരണത്തെ ബന്ധപ്പെടുത്തിയുള്ള ആരോപണം ഗൗരവമാകുന്നത് രണ്ട് സാഹചര്യത്തിലാണ്. ഒന്ന്, നിയമസഭാ തിരഞ്ഞെടുപ്പിന് ഏഴ് മാസം മാത്രം ശേഷിക്കുന്ന സമയത്താണ് ഈ ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത്. രണ്ട്, മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കുണ്ടെന്ന പറയപ്പെടുന്ന  പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ ഇടത് സര്‍ക്കാരിന് വേണ്ടി പണം ചോദിച്ചതെന്നാണ് ആരോപണം.

ഇത്തരം സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളും പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങള്‍ പ്രസാഡിയോ അംഗീകരിക്കാത്തതും മൂലം കരാറില്‍ നിന്ന് പിന്‍മാറേണ്ടിവന്നൂവെന്നുമാണ് ലൈറ്റ് മാസ്റ്റര്‍ വിശദീകരിക്കുന്നത്.

Lyte master india chairman on ai camera commission