antonyrajustrike-24

സംസ്ഥാനത്ത് അടുത്തമാസം ഏഴുമുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന തീരുമാനത്തിലുറച്ച് സ്വകാര്യ ബസുടമകള്‍. ഗതാഗതമന്ത്രിക്ക്  സംഘടനാനേതാക്കള്‍ നോട്ടിസ് നല്കി. അതേസമയം  സമരം ന്യായീകരിക്കാനാകില്ലെന്നും സമ്മര്‍ദ്ദത്തിലൂടെ നിരക്ക് കൂട്ടാനാകില്ലെന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്നുച്ചയ്ക്ക് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ചേരും. 

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉടന്‍ കൂട്ടണമെന്നതാണ് സ്വകാര്യബസുടമകളുടെ പ്രധാന ആവശ്യം. കെ.എസ്.ആര്‍.ടി.സിയില്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്ക് നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ നികുതിയിളവ് ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യബസുകള്‍ക്ക് ഒരാനുകൂല്യവും നല്‍കുന്നില്ലെന്ന് ബസുടമകള്‍ ആരോപിച്ചു. മന്ത്രി ആന്റണി രാജുവിന്റെ ഒൗദ്യോഗിക വസതിയിലെത്തിയാണ് ബസുടമകള്‍ പണിമുടക്ക് നോട്ടിസ് നല്‍കിയത്. അതേസമയം സ്വകാര്യബസ് സമരം ന്യായീകരിക്കാനാകില്ലെന്ന് മന്ത്രിയും വ്യക്തമാക്കി. സര്‍ക്കാരും ബസ്സുടമകളും വിട്ടുവീഴ്ചയ്ക്ക് തയാറല്ല. ഈ പശ്ചാത്തലത്തില്‍  അടുത്തമാസം സ്കൂള്‍ തുറക്കുമ്പോള്‍ സ്വകാര്യബസ് സര്‍വീസുകള്‍ അനിശ്ചിമായി നിര്‍ത്തുന്നത് വിദ്യാര്‍ഥികളെ വലയ്ക്കും.

Can't justify private bus owners demand; Minister Antony Raju