ട്രാക്കിലെ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങില്‍ വന്ന പിഴവാണ് ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാനാണ് ശ്രമം. ബുധനാഴ്ച രാവിലെ മുതല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പരുക്കേറ്റവരെ ചികില്‍സിക്കുന്നതിനായി ഡല്‍ഹി എയിംസിലെ  വിദഗ്ധസംഘം ഉടന്‍ ബാലസോറിലെത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വറിലെത്തി. ഭുവനേശ്വര്‍ എയിംസില്‍ ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ബാലസോറിലേക്ക് പോകും. അപകടത്തില്‍ മരിച്ച 100 പേരുടെ മൃതദേഹങ്ങള്‍ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റി.

അതേസമയം, ബാലസോറില്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞ 21 കോച്ചുകളും ഉയര്‍ത്തി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും റെയില്‍വേ അറിയിച്ചു. പാളം കൂട്ടിയോജിപ്പിക്കലും തകരാറിലായ വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണിയും പുരോഗമിക്കുകയാണ്. ബുധനാഴ്ചയോടെ ട്രെയിന്‍ഗതാഗതം പുനഃസ്ഥാപിക്കനാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.  

 

Expert team from AIIMS to visit injured; Odisha train accident