TAGS

തിരുനെൽവേലിയിലെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിലുണ്ടായിരുന്ന അരിക്കൊമ്പൻ കന്യാകുമാരി വനത്തിലേക്ക് കടന്നു. കോതയാറിൽ നിന്ന് ഇന്നലെ രാത്രിയാണ് അരിക്കൊമ്പൻ ദീർഘസഞ്ചാരം നടത്തിയത്. ഉള്‍വനത്തില്‍ ആയതിനാല്‍ റേഡിയോ കോളറിലെ സിഗ്നല്‍ ലഭിക്കുന്നത് തടസപ്പെടുന്നതായി വനംഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

മുണ്ടൻതുറൈ കടുവാ സങ്കേതത്തിന്റെ തെക്കുവശത്തായിട്ടുളള കന്യാകുമാരി വന്യജീവി സങ്കേതത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുളളത്. ഇന്നലെ രാത്രി കോതയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു നിന്ന് വീരപ്പുലി സംരക്ഷിതവനമേഖലയിലേക്ക് അരിക്കൊമ്പന്‍ പ്രവേശിക്കുകയായിരുന്നു. ഏകദേശം ഇരുപതു കിലോമീറ്റര്‍ സഞ്ചരിച്ചതായാണ് വിവരം. കന്യാകുമാരി വന്യജീവിസങ്കേതത്തിനുളളിലും സ്വകാര്യതോട്ടങ്ങള്‍ ഉളളതിനാല്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുമോയെന്ന ആശങ്കയുണ്ട്. രാജ്യത്ത് എണ്‍പതുശതമാനം ഗ്രാമ്പു ഉല്‍പ്പാദിപ്പിക്കുന്നയിടമാണ് വീരപ്പുലി മേഖല.   

 

അരിക്കൊമ്പന്റെ ഇതുവരെയുളള സഞ്ചാരരീതി വിലയിരുത്തിയാല്‍ ദിവസങ്ങള്‍ക്കുളളില്‍ ജനവാസമേഖലയില്‍ എത്തിയേക്കാം. ചൂട് കൂടുതലായതിനാല്‍ പകല്‍സമയങ്ങളില്‍ കാട്ടരുവികളിലോ, വെളളക്കെട്ട് ഉളള പ്രദേശങ്ങളിലോ ആണ് നില്‍ക്കുന്നത്. രാത്രിയാണ് പരിധിക്ക് പുറത്താകുന്നത്. റേഡിയോ കോളർ മുഖേന ആനയെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനംഉദ്യോഗസ്ഥർ അറിയിച്ചു. റേഡിയോ കോളറിലെ സിഗ്നല്‍ പെരിയാര്‍ കടുവാസങ്കേത്തില്‍ നിന്ന് തിരുവനന്തപുരത്തെ വനം ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നുണ്ട്. നെയ്യാര്‍ മേഖലയിലും നിരീക്ഷണം തുടരും. കഴിഞ്ഞ തിങ്കള്‍ വൈകിട്ട് 5.15 നാണ് അരിക്കൊമ്പനെ തേനിയില്‍ നിന്ന് തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തില്‍ എത്തിച്ചത്.