അരിക്കൊമ്പനെ കാടുകടത്തിയ പോലെ വേണ്ടിവന്നാൽ പടയപ്പയെയും മയക്കുവെടിവച്ചു തളയ്ക്കുമെന്ന വനം മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ‘സേവ് പടയപ്പ’ ക്യാംപെയ്നുമായി പടയപ്പ ഫാൻസ് അസോസിയേഷനും മൃഗസ്നേഹികളും. പടയപ്പയെ നാടുകടത്താനുള്ള നീക്കത്തിനെതിരെയാണ്  ക്യാംപെയ്ന്‍.

 

വനമേഖലയിൽ ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കിട്ടാതായതാണ് പടയപ്പ ജനവാസമേഖലയിൽ ഇറങ്ങാന്‍ കാരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. മദപ്പാട് ഉള്ളതിനാലാണു സ്വഭാവത്തിലെ മാറ്റം. വേനൽമഴ ലഭിച്ചാലുടൻ ആന കാടുകയറുമെന്നും ഇവർ പറയുന്നു. ഇനിയുള്ള ഒന്നര മാസം വനംവകുപ്പ് ഉദ്യോഗസ്ഥർ പടയപ്പയെ പ്രത്യേകം നിരീക്ഷിച്ചാൽ മതിയെന്നും ഇവർ പറയുന്നു. പടയപ്പയെ നാടുകടത്താൻ ശ്രമമുണ്ടായാൽ കോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പും പടയപ്പ ഫാൻസ് അസോസിയേഷന്‍ ഭാരവാഹികൾ നല്‍കുന്നുണ്ട്.

 

അതിനിടെ അക്രമവാസന തുടരുന്ന പടയപ്പയെ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിക്കാൻ വനംവകുപ്പ് ശ്രമം തുടങ്ങി. ഇന്നലെ പകൽ മുഴുവൻ പടയപ്പ മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ ചോലക്കാടുകളില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ 2 ഡ്രോണുകൾ ഉപയോഗിച്ചാണു നിരീക്ഷണം. രാത്രികാഴ്ചകളും പകർത്താൻ ഈ ഡ്രോണുകൾക്കു കഴിയും. സിസിഎഫ് (ഹൈറേഞ്ച് സർക്കിൾ) ആർ.എസ്.അരുൺ, ഡിഎഫ്ഒ രമേശ് ബിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലാണു നടപടികൾ.

 

 

Save Padayappa campaign started.