മിനികൂപ്പര്‍ വിവാദത്തില്‍ കടുത്ത നടപടിയെടുത്തും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തിലെ വീഴ്ചകള്‍ ശാസനയില്‍ ഒതുക്കിയും സിപിഎം. പ്രധാന നേതാക്കൾ ഉൾപ്പെടെ വരുത്തിയ വീഴ്ചയാണ് പരാജയത്തിന്റെ ആക്കം കൂട്ടിയെന്ന സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ.കെ.ബാലൻ, ടി.പി.രാമകൃഷ്ണൻ എന്നിവരുൾപ്പെട്ട കമ്മീഷന്റെ കണ്ടെത്തൽ എറണാകുളം ജില്ലാ ഘടകം ശരിവച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ നേതാക്കൾ നടപടിയിൽ നിന്ന് രക്ഷപെട്ടത്. വിഷയവുമായി ബന്ധപ്പെട്ട് നേതാക്കക്കെതിരെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കടുത്ത വിമർശനങ്ങളുന്നയിച്ചു. തൃക്കാക്കരയിൽ ചില ദുഷ്പ്രവണതകൾ ഉണ്ടായിട്ടുണ്ട്. മേലിൽ ഇത്തരം ദുഷ്പ്രവണതകൾ ഉണ്ടാകരുതെന്ന് അദ്ദേഹം ജില്ലാ കമ്മറ്റിയിൽ പറഞ്ഞു. ജില്ലയിൽ പാർട്ടി ഐക്യത്തോടെ മുന്നോട്ടും പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, മിനി കൂപ്പറർ വിവാദത്തിൽ സിപിഎം കടുത്ത നടപടി സ്വീകരിച്ചു. വിവാദത്തിൽ ഉൾപ്പെട്ട സി.ഐ.ടി.യു നേതാവ് പി.കെ അനിൽ കുമാറിനെ ചുമതലകളിൽ നിന്ന് പുറത്താക്കി.
കേരള പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.എൻ മോഹനനെയും നീക്കി. ജില്ലാ സെക്രട്ടറി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനയുടെ ഭാരവാഹിയാകേണ്ടെന്നാണ് വിശദീകരണം. എന്നാൽ മിനി കൂപ്പർ വിവാദത്തിന് പിന്നാലെയാണ് സി.എൻ. മോഹനനെ ചുമതലയിൽ നിന്ന് നീക്കിയത് എന്നതും ശ്രദ്ധേയമാണ്.
CITU leader mini cooper purchase cpm action