വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു തോക്കടക്കമുള്ള ആധുനിക ആയുധങ്ങളുടെ കള്ളക്കടത്ത് നടക്കുന്നുവെന്ന നിഗമനത്തില്‍ കര്‍ണാടക പൊലീസ്. കേരളത്തിലേക്കു കൊണ്ടുപോവുകയായിരുന്ന വിദേശനിര്‍മിത തോക്കുകള്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നു പിടികൂടിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ. രജീഷ് ഉള്‍പ്പെട്ട വന്‍സംഘമാണു തോക്കുകടത്തിനു പിന്നിലെന്നാണു പൊലീസിന്റെ സംശയം. രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കസ്റ്റഡിയിലെടുത്ത ബെംഗളൂരു പൊലീസ്, അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കേരളത്തിലേക്കുള്ള കടത്താനായി എത്തിച്ച തോക്കുകള്‍ കഴിഞ്ഞ 6നാണു ബെംഗളുരു കബണ്‍ പാര്‍ക്ക് പൊലീസ് പിടികൂടിയത്. ഇവന്റ്മാനേജ്മെന്റ് സംഘാടകനായ മലയാളി നീരജ് ജോസഫ് വില്‍പനക്കാരനെ കാത്തുനില്‍ക്കുന്നതിനിടെ ക്വീന്‍സ് റോഡില്‍ നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 3 പിസ്റ്റളുകളും 99 വെടിയുണ്ടകളും പിടിച്ചെടുത്തു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ. രജീഷിന്റെ നിര്‍ദേശ പ്രകാരമാണു തോക്കുകളെത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ നീരജ് ജോസഫ് മൊഴി നല്‍കി. തുടര്‍ന്ന് അതീവ രഹസ്യമായി ബെംഗളുരു പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി രജീഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
മ്യാന്‍മറില്‍ നിന്നു കള്ളക്കടത്തായി നാഗാലന്‍ഡിലെത്തിച്ച വിദേശ നിര്‍മിത തോക്കാണു പിടികൂടിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. നാഗാലാന്‍ഡില്‍ നിന്ന് തോക്കൊന്നിന് 70000 രൂപ വീതം നല്‍കിയാണു വാങ്ങിയതെന്നാണു നീരജിന്റെയും മൊഴി. ബോഡോ തീവ്രവാദികളുടെ സ്വാധീനമേഖലയില്‍ നിന്നാണ് തോക്കുകളെത്തിയതെന്നു വ്യക്തമായതോടെ ബെംഗളുരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നീരജ് ജോസഫിനും ടി.കെ. രജീഷിനും ഇത്തരം സംഘടനകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ടി.പി. വധക്കേസ് പ്രതികളിലൊരാള്‍ ജയിലിലിരുന്ന് തോക്ക് സംഭരിക്കുന്നത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
Weapon smuggling; TP case accused Rajish in Karnataka police custody