മണ്‍സൂണ്‍ എത്തിയിട്ടും പ്രതീക്ഷക്കൊത്ത മഴ ലഭിക്കാത്തതിനാല്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നില്ല. പരമാവധി സംഭരണ ശേഷിയുടെ പതിനാല് ശതമാനം മാത്രമാണ് അണക്കെട്ടില്‍ നിലവിലുള്ള വെള്ളം. ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്‍പാദനമടക്കം പ്രതിസന്ധിയിലാകും.
ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് 2306.3 അടി. കഴിഞ്ഞ വര്‍ഷം ഇതേസമയത്തുള്ളതിനേക്കാള്‍ 31 അടി കുറവാണിപ്പോള്‍. മഴ പെയ്തു തുടങ്ങിയിട്ടും ഡാമിലേക്ക് പ്രതീക്ഷിച്ചത്ര വെള്ളമെത്തുന്നില്ല. 2280 ലേക്ക് ജലനിരപ്പ് താഴ്ന്നാല്‍ ഇടുക്കി ജലാശയത്തിലെ കുളമാവ് ഡാമില്‍ നിന്ന് മൂലമറ്റത്തേക്ക് പോകുന്ന പെന്‍സ്റ്റോക്ക് പൈപ്പിന് സമാന്തരമായി വെള്ളമെത്തും. ഇങ്ങനെ വന്നാല്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തേണ്ടിവരും. എന്നാല്‍ അത്തരം പ്രശ്നങ്ങളിലേക്ക് പോകും മുമ്പ് ജലനിരപ്പ് ഉയരുമെന്നാണ് കരുതുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു.
തുലാമഴയും വേനല്‍മഴയും കുറഞ്ഞതാണ് ഇടുക്കിയില്‍ പ്രതിസന്ധിയുണ്ടാക്കിയത്.. നീരൊഴുക്ക് ശക്തമാകാന്‍ ഒരാഴ്ച കനത്ത മഴ പെയ്തേ തീരൂ. നിലവില്‍ 4200 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് മൂലമറ്റത്തേക്ക് വിടുന്നത്.
വെള്ളം വന്‍തോതില്‍ താഴ്്ന്നതോടെ കുളമാവ് ഭാഗത്ത് മണ്‍തിട്ടകള്‍ പൊങ്ങി. ഡാമില്‍ മുങ്ങിപ്പോയ വൈരമണി ഗ്രാമത്തിന്‍റെ അവശേഷിപ്പുകളും തെളിഞ്ഞിട്ടുണ്ട്. 2017ലാണ് മുമ്പ് ഇത്രയധികം ജലനിരപ്പ് താഴ്ന്നത്.
Insufficient rain in Idukki dam