ഉത്തരേന്ത്യയിലുണ്ടായ പ്രളയത്തില്‍ ഹിമാചലില്‍  മലയാളികള്‍ കുടുങ്ങി. കളമശേരി–തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ രണ്ടു സംഘവും ട്രെക്കിങ്ങിന് പോയ വര്‍ക്കല –കൊല്ലം സ്വദേശികളായ യുവാക്കളുമാണ് കുടുങ്ങിയത്. എല്ലാപേരും സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു.മലയാളികളുടെ സുരക്ഷ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി. 

ഹിമാചലില്‍ യാത്രപോയ  45ഹൗസ് സര്‍ജന്‍മാര്‍ ഉള്‍പ്പടെ 47 മലയാളികളാണ് വെള്ളപ്പൊക്കത്തിലും മണ്ണടിച്ചിലും കുടങ്ങിയത്. എറണാകുളം മെഡിക്കല്‍ കോളജില്‍നിന്നുള്ള 27 േപരും തൃശൂര്‍ മെഡി.കോളജില്‍ നിന്നുള്ള 18 പേരും മണാലിയില്‍ കുടുങ്ങി. ഇവരില്‍ 18 പേര്‍ മണാലിയിലും ഒന്‍പതുപേര്‍ കൊക്സറിലുമാണുള്ളത്. ഇന്നലെ ഉച്ചമുതല്‍ ഇവരെ ഫോണില്‍ കിട്ടുന്നില്ല. സംഘത്തിലെ എല്ലാപേരും സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു. 

എന്നാല്‍  മണാലിക്ക് സമീപം തോഷില്‍ കുടുങ്ങിയ വര്‍ക്കല സ്വദേശി യാക്കൂബ‌ും കൊല്ലം സ്വദേശി സെയ്ദലിയുമാണ് എന്നിവരെ ബന്ധപ്പെടാനായിട്ടില്ല. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിനെ ഫോണില്‍ വിളിച്ചു. മലയാളികളുടെ സുരക്ഷ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൃശൂര്‍ മെഡി.കോളജില്‍ നിന്നും മണാലിയില്‍ കുടുങ്ങിയ 18 പേരും  സുരക്ഷിതരാണെന്ന് ട്രാവല്‍ ഏജന്‍സി ഉടമ മനോരമ ന്യൂസിനോട് പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ ഹിമാചല്‍ യാത്ര ഒഴിവാക്കണമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.