പെരുമ്പാമ്പിനെ പിടിച്ചുകുലുക്കി നീല്‍ഗായ് മാനിനെ പുറത്തെത്തിച്ച നാട്ടുകാരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. നീല്‍ഗായെ വിഴുങ്ങിയ പെരുമ്പാമ്പിനെ തുടരെത്തുടരെ പിടിച്ചുകുലുക്കി പുറത്തെടുക്കുന്നതായിരുന്നു വിഡിയോ. കഷ്ടപ്പെട്ട് അകത്താക്കിയ ഇരയെ പെരുമ്പാമ്പ് ഒടുവില്‍ പൂര്‍ണമായും പുറത്തുതള്ളുന്നു. എന്നാല്‍ ഇത് മനുഷ്യന്റെ റോള്‍ അല്ലെന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.
നീലഗായെ പുറത്തെത്തിച്ച രക്ഷാപ്രവർത്തകരെ രൂക്ഷമായി വിമർശിച്ചായിരുന്നു സോഷ്യൽ മീഡിയയിലെ പ്രതികരണം. വന്യജീവികളുടെ, അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കടന്നുകയറി തീരുമാനങ്ങളെടുക്കാനോ അവയുടെ വിധി നിർണ്ണയിക്കാനോ മനുഷ്യന് അവകാശമില്ലെന്നാണ് വിമര്‍ശനം. ‘ഭൂമിയുടെ അവകാശികളായ പെരുമ്പാമ്പിന്റെ ജീവിതം ഇത്തരത്തിലൊക്കെയാണ് പല മൃഗങ്ങളും മറ്റു ചെറിയ മൃഗങ്ങളെ വേട്ടയാടി കഴിച്ചാണ് ഈ പ്രകൃതിയില്‍ കഴിയുന്നത്.’ അങ്ങനെ നോക്കുമ്പോള്‍ ഈ നാട്ടുകാര്‍ ക്രൂരന്‍മാരാണെന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ചയുടെ ആകെത്തുക.
ഹിമാചല്‍പ്രദേശിലെ ഉന ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്. ഐഎഫ്എസ് ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഈ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം ശരിയോ തെറ്റോ എന്ന ചോദ്യമുന്നയിച്ചാണ് വിഡിയോ പങ്കുവച്ചത്. തെറ്റാണെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ആ നീലഗായ് മാന്‍ പെരുമ്പാമ്പിന്റെ തൊണ്ടയിലെത്തിയപ്പോള്‍ തന്നെ ചത്തു, പിന്നീട് അതിന്‍റെ പേരില്‍ പെരുമ്പാമ്പിനെ ഉപദ്രവിക്കുന്നതില്‍ എന്തുകാര്യം എന്നാണ് ഒരു യൂസറുടെ ചോദ്യം.
നീലക്കാള എന്നും അറിയപ്പെടുന്ന നീല്‍ഗായ് ഏഷ്യയിലെ ഏറ്റവും വലിയ മാന്‍വര്‍ഗമാണ്. ഇന്ത്യയിലെ തദ്ദേശീയ ജീവിവര്‍ഗം. IUCN റെഡ് ലിസ്റ്റ് അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 100,000 നീലഗായ് മാനുകള്‍ ഉണ്ട്. വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് നീല്‍ഗായ്.