ആശ്രിത നിയമനം നേടിയവര്‍ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. അടിസ്ഥാന ശമ്പളത്തിന്‍റെ 25 ശതമാനം പിടിച്ചെടുത്ത് അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍മന്ത്രിസഭ തീരുമാനിച്ചു. നിയമനാധികാരികളാവും ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുക. അടുത്ത ബന്ധുവിന്‍റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകളില്‍ ആശ്രിത നിയമനം നേടിയവര്‍ സംരക്ഷണം അര്‍ഹിക്കുന്ന കുടുംബാംഗങ്ങളുടെ ചുമതല ഏറ്റെടുക്കാം എന്ന് എഴുതി നല്‍കിയ ശേഷമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. കുടുംബാംഗങ്ങളെ സംരക്ഷിക്കാം എന്ന ഉറപ്പ് പലപ്പോഴും പാലിക്കപ്പെടാറില്ല.
പരാതികള്‍സര്‍ക്കാരിന് മുന്നിലെത്തുന്നത് സ്ഥിരമായതോടെയാണ് കര്‍ശന നടപടിക്ക് മന്ത്രിസഭ തീരുമാനമെടുത്തത്. ആശ്രിത നിയമനം നേടിയവര്‍ സംരക്ഷണത്തിന് അര്‍ഹരായ കുടുംബാംഗങ്ങളെ വേണ്ടവിധം പരിപാലിച്ചില്ലെങ്കില്‍ ശമ്പളത്തിന്‍റെ ഒരുഭാഗം പിടിച്ചെടുക്കാനാണ് തീരുമാനം. അടിസ്ഥാന ശമ്പളത്തിന്‍റെ 25 ശതമാനം പിടിച്ചെടുത്ത് അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് നല്‍കും. നിയമനാധികാരികളായ വകുപ്പ് മേധാവിമാര്‍ക്കാവും ഇതിന്‍റെ ചുമതല. ആഹാരം, വസ്തു, പാര്‍പ്പിടം, ചികിത്സ, പരിചരണം എന്നിവ നിഷേധിക്കപ്പെടുന്ന കുടുംബാംഗങ്ങള്‍ക്ക് വകുപ്പ് മേധാവികള്‍ക്ക് പരാതി നല്‍കാം. പാരാതിയെ കുറിച്ച് തഹസീല്‍ദാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. അതിന്‍റെ അടിസ്ഥാനത്തിലാവും ശമ്പളം പിടിച്ചെടുക്കുക. റിപ്പോര്‍ട്ടിനെ കുറിച്ചോ തുടര്‍നടപടികളെ കുറിച്ചോ പരാതി ഉള്ളവര്‍ക്ക് കലക്ടര്‍മാരെ സമീപിക്കാം.
Compassionate appointment: 25% pay deduction if not protecting family