finance-kerala

നികുതി വിഹിതം വര്‍ധിപ്പിക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെടാന്‍ കേരളം. കമ്മിഷനുമായി നാളെ കോവളത്ത് നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിക്കും. ധനവിഹിതം നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. കേരളത്തിന്‍റെ വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നിര്‍ണായക ചര്‍ച്ച. 

 

കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ നികുതി പങ്കുവയ്പ്പ് തീരുമാനിക്കുന്ന ധനകാര്യ കമ്മീഷനുകള്‍ കാല്‍നൂറ്റാണ്ടിനിടെ കേരളത്തിന്‍റെ വിഹിതത്തില്‍ നേര്‍പകുതിയോളം കുറച്ചു. പത്താം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 3.8 ശതമാനം 15–ാം ധനകാര്യ കമ്മീഷനിലെത്തിയപ്പോള്‍ 1.92 ശതമാനമായി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കുന്ന ഈ കുറവ് പുതിയ ധനകാര്യ കമ്മീഷന്‍ നികത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ നികുതി വിഹിതം നിലവില്‍ 41 ശതമാനമാണ്. ഇത് അമ്പത് ശതമാനമാക്കി ഉയര്‍ത്തണമെന്നായിരിക്കും കേരളം മുന്നോട്ടുവയ്ക്കുന്ന മുഖ്യ ആവശ്യം. നികുതികള്‍ക്ക് പകരം സെസ്, സര്‍ ചാര്‍ജുകളിലൂടെ കേന്ദ്രം വരുമാനം കണ്ടെത്തുന്നത് നിയന്ത്രിക്കണമെന്നും കേരളം ആവശ്യപ്പെട്ടേക്കും.

കുടിയേറ്റ തൊഴിലാളികളുടെ എണ്ണം മാനദണ്ഡമാക്കണമെന്നും ആവശ്യപ്പെടും. കേരളത്തില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതും മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തണം. വന്യജീവി ആക്രമണം, ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പരിഗണന വേണം. കേന്ദ്ര പദ്ധതികളിലെ സംസ്ഥാനം വിഹിതം കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടേക്കും.

ENGLISH SUMMARY:

Kerala to ask the 16th Finance Commission to increase tax allocation. Tomorrow in Kovalam, the government representatives including the Chief Minister and ministers will hold a crucial discussion with the commission