shukkoorcase-22

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് അഭിഭാഷകനും നടനുമായ സി. ഷുക്കൂറടക്കം നാലുപേര്‍ക്കെതിരെ കേസ്. കേസിലെ പതിനൊന്നാം പ്രതി കളനാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. പരാതിക്കാരനെ അയാളറിയാതെ കമ്പനി ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്താൻ പ്രതികൾ വ്യാജ രേഖയുണ്ടാക്കിയെന്നാണ് കേസ്

 

ഫാഷൻ ഗോൾഡ് കമ്പനി എം.ഡി. പൂക്കോയ തങ്ങൾ, മകൻ ഹിഷാം , അഡ്വ സി ഷൂക്കൂർ, കമ്പനി സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയാണ് മേൽപറമ്പ് പൊലീസ് കേസെടുത്തത്. കേസിൽ മൂന്നാം പ്രതിയാണ് സി.ഷുക്കൂർ. പരാതിക്കാരന്‍ മുഹമ്മദ് കു‍ഞ്ഞിയെ അദ്ദേഹത്തിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമാക്കാൻ 2013 ൽ പ്രതികൾ ഗൂഡലോചന നടത്തിയെന്നാണ് ആരോപണം. നോട്ടറിയായ സി. ഷൂക്കുറിന്റെ സഹായത്തോടെ ഇതിനായി വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്ന് മുഹമ്മദ്‌ കുഞ്ഞി ഹൊസ്ദുർഗ് കോടതിയിൽ നല്‍കിയ ഹർജിയില്‍ പറയുന്നു. 

 

ആരോപണം തെളിയിക്കുന്ന രേഖകള്‍ മുഹമ്മദ് കുഞ്ഞി ഹാജരാക്കി. തുടർന്നാണ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചത്. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പൂക്കോയ് തങ്ങളും മകനും ആവശ്യപ്പെട്ടതിനെതുടർന്ന് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നെന്നും പരാതിക്കാരൻ ആരോപിച്ചു. ലീഗ് നേതാവായ മഞ്ചേശ്വരം മുൻ എം എൽ എ എം. സി ഖമറുദിൻ ഒന്നാം പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ കേസിൽ ഇടതു സഹയാത്രികനായ അഡ്വ. ഷൂക്കുർ ഉൾപ്പെട്ടത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയേക്കും.

 

Forged document case against Adv. Shukkoor