supplycocrisis-24

ഓണം  അടുക്കുമ്പോഴും കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് സപ്ലൈകോ. സബ്സിഡിയിനത്തില്‍ സാധനങ്ങള്‍ നല്‍കിയ വകയിലടക്കം സര്‍ക്കാര്‍ നല്‍കാനുള്ളത് മൂവായിരം കോടി രൂപ. 525 കോടി രൂപ കുടിശിക കിട്ടാതെ സാധനങ്ങള്‍ വിതരണം ചെയ്യില്ലെന്ന് വിതരണക്കാരും നിലപാടെടുത്തതോടെ ഓണത്തിന് പോലും സപ്ലൈകോ ഔട്ട്​ ലറ്റുകളില്‍ ആവശ്യ സാധനങ്ങളെത്തില്ലെന്ന് ഉറപ്പായി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

സബ്സിഡിയിനത്തില്‍ സാധനങ്ങള്‍ നല്‍കിയ വകയില്‍ മാത്രം 1462 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച വകയില്‍ 1198 കോടി രൂപ. റേഷന്‍ സാധനങ്ങള്‍ ഗോഡൗണില്‍ നിന്ന് കടകളില്‍ എത്തിച്ച് നല്‍കിയതിന്റ ചെലവ് 247കോടി, കോവിഡ് കാലത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിന്റ 30 കോടി, സ്കൂളുകള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള അരി കൊടുത്തതിന്റ 146 കോടി രൂപ. എല്ലാം കൂടി ചേര്‍ത്ത്  3119 കോടി രൂപ. അതേസമയം സാധനങ്ങള്‍ വാങ്ങിയ വകയില്‍ 525 കോടിയാണ് കരാറുകാര്‍ക്ക് കൊടുക്കാനുള്ളത്. എന്ന് കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ പലരും ഇപ്പോള്‍ സപ്ലൈകോയുടെ ടെന്‍ഡറില്‍ പോലും പങ്കെടുക്കുന്നില്ല. 

 

പഞ്ചസാരയ്ക്കാണ് ഏറ്റവും ക്ഷാമം. കിലോയ്ക്ക് 38 രൂപയ്ക്ക് കിട്ടിയിരുന്ന പഞ്ചസാര 41 രൂപയാണ് ഇപ്പോള്‍ കരാറുകാര്‍ ക്വാട്ട് ചെയ്യുന്നത്. ഒരുമാസം മാത്രം അയ്യായിരം ടണ്‍ പഞ്ചസാര വേണം. ഉഴുന്നിന് ഒരു കിലോയില്‍ മാത്രം അഞ്ചുരൂപയാണ് കരാറുകാര്‍ കൂട്ടിച്ചോദിക്കുന്നത്. 115 രൂപയ്ക്ക് കിട്ടിയിരുന്ന തുവരപരിപ്പ് 125 രേഖപ്പെടുത്തിയതോടെ വളരെ കുറച്ച് മാത്രമേ എടുക്കുന്നുള്ളു. വിലക്കൂടുതല്‍ കാരണം കഴിഞ്ഞ രണ്ട് ടെന്‍ഡറിലും മുളക് വാങ്ങിച്ചതേയില്ല. മട്ടയരിയും ആവശ്യത്തിന് ലഭിക്കുന്നില്ല. ഓണത്തിന് എല്ലാവര്‍ക്കും കിറ്റ് കൊടുക്കേണ്ടന്ന് തീരുമാനിച്ചുകഴിഞ്ഞു. ഓണചന്ത ലക്ഷ്യമിട്ട് ടെന്‍ഡര്‍ വിളിച്ചെങ്കിലും പണം കിട്ടാത്തതുകാരണം പലരും ആവശ്യപ്പെട്ട അളവില്‍ സാധനങ്ങള്‍ കൊടുക്കാനുള്ള സാധ്യത കുറവാണ്. വില കൂടിയതോടെ കൂടുതല്‍ സ്റ്റോക്കെടുക്കാന്‍ സപ്ലൈകോയും മടിക്കുകയാണ്. അങ്ങനെ വന്നാല്‍ ഓണച്ചന്തകളുടെ എണ്ണം ഇത്തവണ വെട്ടിക്കുറയ്ക്കേണ്ടിവരും.  

 

govt fails to pay 3000 crores to supplyco