വന നിയമഭേദഗതിയില്‍ മലക്കം മറിഞ്ഞ് വനം മന്ത്രിയും വകുപ്പും.ഭേദഗതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്നും ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മാറ്റം കൊണ്ടുവരുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇതോടെ, വരുന്ന നിയമ സഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനുള്ള സാധ്യത മങ്ങി.
കേരളാ കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിയെ കാണുകയും മത മേലധ്യക്ഷന്‍മാര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തതിന് പിറകെയാണ് വനം മന്ത്രി അയഞ്ഞത്. മുഖ്യമന്ത്രി ഇടപെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. വനം നിയമഭേദഗതിയെ കുറിച്ചുള്ള പൊതു ഹിയറിങ് 31 ന് അവസാനിക്കും. അതിന്ശേഷം ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നതാണ് ആലോചിക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വലിയ അധികാരങ്ങള്‍കൈമാറുന്നത് ഉള്‍പ്പെടെ പുനഃപരിശോധിച്ചേക്കും.
കര്‍ഷക സംഘടനകളുടെയും മത മേലധ്യക്ഷന്‍മാരുടെയും കേരള കോണ്‍ഗ്രസിന്‍റെയും നിലപാടിന് മുന്നില്‍ സര്‍ക്കാരിന് വഴങ്ങണ്ടിവരുമെന്നറിഞ്ഞിട്ടും അപ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട കരട് ബില്‍ എന്തിനാണ് വനം വകുപ്പ് മുന്നോട്ട് വെച്ചതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.