TAGS

ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടിക്കെതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. നേതാക്കളുടെ പാര്‍ട്ടിവിരുദ്ധ നടപടിയും അഴിമതിയും ചോദ്യം ചെയ്തതിലുള്ള അതൃപ്തിയാണ് തന്നെ കേള്‍ക്കാതെയുള്ള നടപടിക്ക് പിന്നിലെന്നാണ് വിമര്‍ശനം. വിവിധ കമ്മിറ്റികള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.  

 

സമ്മേളനങ്ങളില്‍ എംഎല്‍എയുെട നേതൃത്വത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്നാണ് നടപടിയെടുത്ത ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. എംഎല്‍എയ്ക്കൊപ്പം പ്രധാന നേതാക്കള്‍ക്കെതിരെ പലഘട്ടങ്ങളില്‍ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചവരെയും പാര്‍ട്ടി വെറുതെ വിട്ടില്ല. ജില്ലാ കമ്മിറ്റിയില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്കും ബ്രാഞ്ചിലേക്കും തരം താഴ്ത്തി. 

 

തന്റെ ഭാഗം കേള്‍ക്കാതെയും ജില്ലാ സെക്രട്ടറിയുടെ ഇഷ്ടക്കാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടും കണക്കിലെടുത്ത് നടപടിയെടുത്തതിലാണ് മുഹമ്മദ് മുഹ്സിന് പ്രതിഷേധം. ദേശീയ, സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞദിവസം എംഎല്‍എ രേഖാമൂലം പരാതി നല്‍കി. പലഘട്ടങ്ങളില്‍ ജില്ലയിലെ പ്രധാന നേതാക്കള്‍ക്കെതിരെ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ബലമേകുന്ന തെളിവുകളും കൈമാറി. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെടുമെന്നാണ് സിപിഐ ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതിനിടയില്‍ ജില്ലാ നേതൃത്വത്തിന്റേത് പാര്‍ട്ടിയുടെ അടിവേരിളക്കുന്ന നടപടിയെന്ന വിമര്‍ശനവുമായി വിവിധയിടങ്ങളില്‍ രാജിഭീഷണി ഉയര്‍ന്നിട്ടുണ്ട്. പാലക്കാട്, നെന്മാറ, മണ്ണാര്‍ക്കാട്, പട്ടാമ്പി, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നേതൃത്വത്തിനെതിരെ പരസ്യമായാണ് അണികള്‍ രംഗത്തെത്തിയിട്ടുള്ളത്. ദേശീയ നേതൃത്വം വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടുമെന്നും അതുവരെ പ്രതികരണത്തിനില്ലെന്നും മുഹമ്മദ് മുഹ്സിന്‍ വ്യക്തമാക്കി.

 

Pattambi MLA lodged a complaint with the central leadership