ബിഷപ് ഡോമിനിക് ലുമോണ്‍

മണിപ്പുര്‍ കലാപം വർഗീയമാക്കി മാറ്റാൻ ചില ശക്തികൾ ശ്രമിച്ചതായി സംശയമെന്ന് ഇംഫാൽ ആർച്ച് ബിഷപ് ഡൊമിനിക് ലുമോൺ മനോരമ ന്യൂസിനോട്. ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണമായി കുക്കി - മെയ്തെയ് പ്രശ്നത്തെ കാണേണ്ടതില്ല. ഇംഫാലിൽ തന്നെ നിരവധി പള്ളികൾ സുരക്ഷിതമായി തുടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വിവിധ ഗോത്രങ്ങൾ തമ്മിലും മറ്റ് വിഭാഗങ്ങളുമായും മുമ്പും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ പക്ഷേ അതിൽ മതം കലർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചില കോണുകളിൽ നിന്നുണ്ടായി. കത്തോലിക്ക ദേവാലയങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറ‍ഞ്ഞു. മെയ്തെയ് ക്രിസ്ത്യാനികളുടെ പള്ളികളും ആക്രമിക്കപ്പെട്ടതായി വിവരമുണ്ട്.  ആദ്യ രണ്ടു ദിവസം പരിഷ്കൃത സമൂഹത്തിന് ചിന്തിക്കാനാവാത്ത അതിക്രമങ്ങൾ ഇരു ഭാഗത്തു നിന്നും ഉണ്ടായി. സമാധാന സ്ഥാപനത്തിന് കേന്ദ്ര സർക്കാർ ആത്മാർഥമായി ഇടപെടണമെന്നും ഏതു തരത്തിലുള്ള ചർച്ചകൾക്കും സഭ തയാറാണെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. 

 

Some forces tries to turn Manipur clash into communal riot ,alleges Imphal Archbishop