TOPICS COVERED

ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ മണിപൂരിൽ സംഘർഷം രൂക്ഷം. ഇംഫാലിൽ പ്രതിഷേധക്കാരും സുരക്ഷ സേനയും ഏറ്റുമുട്ടി.  ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന CRPF സംഘം ഉടൻ സംസ്ഥാനത്തെത്തും. കാങ്ങ്പോപ്പിയിൽ നടന്ന കുക്കി മെയ്തേയ് സംഘർഷത്തിലാണ് 46 കാരി കൊല്ലപ്പെട്ടത്.  

നിരവധി വീടുകൾക്ക് അക്രമികൾ തീവച്ചു.  ഇരുവശത്തു നിന്നും ബോംബാക്രമണമുണ്ടായെന്ന് സുരക്ഷാ സേന പറയുന്നു. വിദ്യാർഥി പ്രതിഷേധം തുടരുന്നതിനാൽ ഇംഫാലിൽ കൂടുതൽ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചു. പ്രതിഷേധക്കാരും പൊലീസും പലതവണ ഏറ്റുമുട്ടി.

അസം റൈഫിൾസിനെ പിൻവലിക്കുമെന്ന സൂചനയെത്തുടർന്ന് കുക്കികൾ രോഷത്തിലാണ്. ഇന്‍റര്‍‌നെറ്റ് നിരോധനം ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. 12 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ഈസ്റ്റ്, വെസ്റ്റ് ഇംഫാൽ, തൗബാൽ എന്നിവിടങ്ങളിൽ കർഫ്യു തുടരുകയാണ്. നിലവിലെ അക്രമ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ  മണിപ്പൂർ ഗവർണർ സമാധാനം പുനസ്ഥാപിക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് അഭ്യർഥിച്ചു. 

സമാധാനം പുനസ്ഥാപിക്കാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ ചില സംഭവങ്ങൾ ബാധിച്ചു എന്നും ഗവർണർ പ്രതികരിച്ചു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ ഇന്നും രംഗത്തെത്തി.

ENGLISH SUMMARY:

Tensions have escalated in Manipur following the killing of another woman. In Imphal, clashes broke out between protestors and security forces. A CRPF team, including senior officials, is expected to arrive in the state soon