അരുണാചല്‍ പ്രദേശിനെയും അക്സായ് ചിന്നിനെയും ഔദ്യോഗിക മാപ്പില്‍ ഉള്‍പ്പെടുത്തി ചൈന. തായ്‌വാനും ദക്ഷിണ ചൈനാകടലും സ്വന്തം അധീനതയിലുള്ള പ്രദേശങ്ങളിലാണ് ചൈന ഉള്‍പ്പെടുത്തിയിട്ടുള്ളത്. നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. ചൈനീസ് ഭൂപടത്തോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ജി 20 ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് ചൈനയുടെ വന്‍പ്രകോപനം. ഇന്ത്യയുടെ അവിഭാജ്യഘടകമായ അരുണാചല്‍ പ്രദേശും 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്സായ് ചിന്നും തങ്ങളുടേതെന്ന് ബെയ്ജിങ് അവകാശപ്പെടുന്നു. ദക്ഷിണ ടിബറ്റായാണ് അരുണാചലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായി ചൈന ഡെയ്‍ലി പത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗം തയ്‌വാന്‍ അവകാശവാദമുന്നയിക്കുന്നതാണ്. വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങൾക്കെല്ലാം ദക്ഷിണ ചൈനാ കടലിന്റെ മേൽ അവകാശവാദമുണ്ട്...ഏപ്രിലിൽ 11ന് ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി പുനർനാമകരണം ചെയ്തിരുന്നു,. ബ്രിക്സ് ഉച്ചകോടിക്കിടെ അതിര്‍ത്തിയിലെ നീക്കങ്ങളില്‍ ചൈനീസ് പ്രസിഡന്‍റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക ആറിയിച്ചിരുന്നു. സെപ്റ്റംബര്‍ 9, 10 തിയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലും ഷി ചിൻപിങ് പങ്കെടുക്കുന്നുണ്ട്. ജി 20 വേദി ലോകത്തിന് മുന്നില്‍ ചൈനീസ് അവസരവാദം തുറന്നുകാട്ടാന്‍ പ്രയോജനപ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
China Provokes India, Includes Arunachal, Aksai Chin In New ‘Standard Map’