സംസ്ഥാനത്ത് പരക്കെ മഴ. ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയില്‍ ഇന്നലെ രാത്രിയിലുണ്ടായത് ലഘു മേഘ വിസ്ഫോടനമാണ്. കക്കിയില്‍ അതിതീവ്ര മഴയായ 22.5 സെന്‍റീ മീറ്റര്‍ രേഖപ്പെടുത്തി.
തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തമാകും. തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ ആലപ്പുഴയില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കി. ആറാം തീയതി ഇടുക്കിയില്‍ ഒാറഞ്ച് അലര്‍ട്ടാണ്. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് പരക്കെ മഴകിട്ടും.
ഇന്നലെ പത്തനംതിട്ടയിലെ മലയോര മേഖലയില്‍ അതിതീവ്രമഴ ലഭിച്ചു. കക്കിയില്‍ 22.5 സെന്‍റിമീറ്റര്‍ മഴ രേഖപ്പെടുത്തി. അത്തിക്കയത്ത് 16, ആങ്ങാമൂഴിയില്‍ 15.3, മൂഴിയാറില്‍ 14.7, ഉള്ളുങ്കലില്‍ 14.7 സെന്‍റി മീറ്റര്‍വീതം മഴയാണ് ലഭിച്ചത്. ഈ മഴയെ തുടര്‍ന്ന് മലവെള്ളം ഇരച്ചെത്തിയപ്പോഴാണ് മൂഴിയാര്‍ഡാമിന്‍റെ മൂന്ന് എഷട്ടറുകള്‍ തുറന്നുവിടേണ്ടിവന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ മൂഴിയാറിലെ ഷട്ടറുകൾ അടച്ചു. ഗവിയിലെ ഗതാഗത തടസം തുടരുകയാണ്. അരുവിക്കര സംഭരണിയുടെ രണ്ടു ഷട്ടറുകള്‍ തുറന്നു. കരമനയാറിന് സമീപം താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ച ആദ്യം ന്യൂനമര്‍ദം രൂപമെടുത്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Heavy rain to continue in Kerala; yellow alert in 7 districts today