കണ്ണൂർ സെൻട്രൽ ജയിലിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഹൈക്കോടതി. രാഷ്ട്രീയ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി തടവുകാരെ വിവിധ ബ്ലോക്കുകളായി പാർപ്പിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. ജയിലിനുള്ളിൽ തടവുകാർ രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും കോടതി വ്യക്തമാക്കി
കണ്ണൂർ സെൻട്രൽ ജയിലിലെ സംഘർഷത്തിൽ സിപിഎം പ്രവർത്തകനായ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ അപ്പീലിലാണ് ഹൈക്കോടതിയുടെ ഗുരുതര പരാമർശങ്ങൾ. കേസിലെ 9 പ്രതികളിൽ നാലു പേരെ വെറുതെവിട്ട ഹൈക്കോടതി, ജയിലിലെ സാഹചര്യങ്ങളെക്കുറിച്ചാണ് ആഞ്ഞടിച്ചത്. ശിക്ഷ കഴിഞ്ഞ് ഓരോ പ്രതിയും ജയിലിൽ നിന്നും പുറത്തിറങ്ങേണ്ടത് പുതിയ മനുഷ്യനായാണ്. ജയിലിനുള്ളിൽ തടവുകാർ തമ്മിൽ വിഭാഗീയതക്ക് സ്ഥാനമില്ല. എന്നാൽ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജയിലിൽ തടവുകാരെ വിവിധ ബ്ലോക്കുകളായാണ് പാർപ്പിച്ചിരിക്കുന്നത്.
ഇതെന്തുകൊണ്ടാണെന്ന് കോടതിക്ക് മനസ്സിലാകുന്നില്ല. ഇത്തരത്തിൽ പാർപ്പിച്ചതാണ് ജയിലിനുള്ളിൽ സംഘർഷവും കൊലപാതകവും അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവനക്കാർക്ക് എന്നപോലെ തടവുകാർക്കും രാഷ്ട്രീയ പ്രവർത്തനം പാടില്ലന്നും ഹൈക്കോടതി പറഞ്ഞു. 2010 ലെ കേരള പ്രിസൻസ് ആൻഡ് കറക്ഷണൽ സർവീസ് ആക്ട് പ്രകാരം ആയിരിക്കണം ജയിലുകളുടെ നടത്തിപ്പെന്ന് ഉറപ്പുവരുത്താൻ ജയിൽ ഡിജിപിക്ക് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. രവീന്ദ്രൻ വധക്കേസിന്റെ അന്വേഷണത്തെക്കുറിച്ചും ഉത്തരവിൽ വിമർശനം ഉണ്ട്. അന്വേഷണം കളങ്കിതവും, അനുചിതവുമായിരുന്നുവെന്ന നിരീക്ഷണമാണ് ഉത്തരവിലുള്ളത്. നിഷ്പക്ഷവും സത്യം വെളിപ്പെടുത്തുന്നതിനുമാകണം അന്വേഷണം. അന്വേഷണത്തിലെ പക്ഷപാതിത്വമടക്കമുള്ളവ കോടതി ചൂണ്ടിക്കാട്ടി.
kerala high court against kannur central jail