hc-ganesh

സോളർ പീഡന കേസിലെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ.ബി.ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടു പോകണമെന്ന വിലയിരുത്തലോടെയാണ് ഹർജി കോടതി തള്ളിയത്

 

ഗണേഷ് കുമാറിനെതിരെ ഉയർന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. കേസിലെ പരാതിക്കാരിയുമായി ചേർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗുഢാലോചന നടത്തിയെന്നാണ് ആരോപണം. ഗൂഢാലോചന ആരോപണമായി നിലനിൽക്കുന്നിടത്തോളം കാലം ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടു പോകണം.ഗണേഷ് നിരപരാധി എങ്കിൽ അതും തെളിയിക്കപ്പെടണമെന്ന് വിലയിരുത്തിയാണ് കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്ന ആവശ്യം ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്.

 

സോളർ പീഡന കേസിൽ പരാതിക്കാരിയുടെ കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നുമാണ് കോൺഗ്രസ് നേതാവ് സുധീർ ജേക്കബിന്റെ പരാതി. കേസിൽ ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയാണ് നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചത്. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ഗണേഷിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. അതേസമയം, കേസിന്റെ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ വിടുതൽ ഹർജിയുമായി ഗണേശിന് കോടതിയെ സമീപിക്കാം. ആരോപണങ്ങൾ തെറ്റെന്ന് കണ്ടെത്തിയാൽ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

Solar sexual assault case: Kerala HC rejects Ganesh Kumar's plea to quash proceedings against him