എറണാകുളം മുനമ്പത്ത് മൽസ്യബന്ധനബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൽസ്യത്തൊഴിലാളിയായ കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. രാത്രി ഒരുമണിയോടെയായിരുന്നു അപകടം
മുനമ്പത്തുനിന്ന് 28 നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു അപകടം. തോപ്പുംപടിയിൽ നിന്ന് പോയ സിൽവർ സ്റ്റാർ എന്ന ചൂണ്ട ബോട്ടിൽ നൂറിൻമോൾ എന്ന ബോട്ട് പിന്നിൽനിന്ന് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങി. മൽസ്യബന്ധനത്തിനുശേഷം വിശ്രമിക്കുകയായിരുന്ന എട്ട് തൊഴിലാളികളും കടലിൽ വീണു. എല്ലാവരെയും ഇടിച്ച ബോട്ടിലെ ജീവനക്കാർ തന്നെ രക്ഷപെടുത്തിയെങ്കിലും ജോസ് ആന്റണി മാത്രം മരിച്ചു. മറ്റാർക്കും പരുക്കില്ല. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നൂറിൻമോൾ ബോട്ടിലെ ജീവനക്കാരുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത്. കോസ്റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Munambam boat accident, one killed