നവകേരള യാത്രയ്ക്കായി കേരള സര്‍ക്കാര്‍ വാങ്ങിയ ആഡംബര ബസ് ബെംഗളുരുവില്‍ നിന്നു കാസര്‍കോട്ടേക്ക് യാത്ര തിരിച്ചു. ഭാരത് ബെന്‍സിന്റെ ഷാസിയില്‍ ബെംഗളുരുവിലുള്ള കമ്പനിയാണു ബസ് നിര്‍മിച്ചത്. അതീവ രഹസ്യമാക്കി കേരളത്തിലേക്കു കൊണ്ടുപോകുന്നതു മനോരമ ന്യൂസാണു ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ആഡംബ ബസുകള്‍ നിര്‍മിക്കുന്ന ബെംഗളുരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സെന്ന പ്രകാശ് മോട്ടോര്‍സിന്റെ മണ്ഡ്യയിലുള്ള ഫാക്ടറിയിലാണു നിര്‍മാണം നടന്നത്. അവസാന ഘട്ട മിനുക്കുപണികള്‍ക്കായി ഇന്നു പുലര്‍ച്ചെ ബസ് ബെംഗളുരു ലാല്‍ബാഗിലെ കമ്പനിയുടെ ആസ്ഥാനത്ത് എത്തിച്ചു. വിവരങ്ങളോ ഫോട്ടോകളോ പുറത്തുപോകാത്ത രീതിയില്‍ അതീവ രഹസ്യമായിട്ടായിരുന്നു കമ്പനിയുടെ നീക്കങ്ങള്‍. കമ്പനി വളപ്പില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു തടയാനും ജീവനക്കാര്‍ ശ്രമിച്ചു. ഏഴാം തിയ്യതി കേരളത്തിലെത്തിച്ചു ബസിന്റെ റജിസ്ട്രേഷനും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയിരുന്നു. മെറൂണ്‍ നിറത്തിലുള്ള ബസിന്റെ വശങ്ങളില്‍ സ്വര്‍ണ നിറത്തിലുള്ള ഗ്രാഫിക്സുകളുമുണ്ട്. ഒറ്റനോട്ടത്തില്‍ സ്വകാര്യ കമ്പനികളുടെ ആഡംബ ക്യാരവാനാണന്നു തോന്നുന്ന രീതിയിലുള്ള ബസ് ബെംഗളുരുവില്‍ നിന്നു മൈസുരുവിലേക്കാണു യാത്ര പുറപ്പെട്ടത്. അവിടെ നിന്ന് കാസര്‍‌കോട് എത്തിക്കും