ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ എ.എ.പിക്കെതിരെ പുതിയ ആയുധവുമായി ബി.ജെ.പി. സ്കൂളുകളില്‍ അടിക്കടി ഉണ്ടായ വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ എ.എ.പിയാണെന്നാണ് ആരോപണം. കേസില്‍ പിടിയിലായ വിദ്യാര്‍ഥിയുടെ രക്ഷിതാവിന്‍റെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് നടത്തിയ വെളിപ്പെടുത്തലാണ് ബി.ജെ.പി. പിടിവള്ളിയാക്കുന്നത്.
ഡല്‍ഹിയിലെ സ്കൂളുകളില്‍ തുടര്‍ച്ചയായി വ്യാജബോംബ് ഭീഷണി സന്ദേശം വന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു. ഈ വിദ്യാര്‍ഥിയുടെ രക്ഷിതാവിന് ഒരു എന്‍.ജി.ഒയുമായി ബന്ധമുണ്ടെന്നും പാര്‍ലമെന്‍റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയ്ക്ക് എതിരെ ശബ്ദമുയര്‍ത്തി എന്‍.ജി.ഒ. ആണിത് എന്നും ഇന്നലെ പൊലീസ് അറിയിച്ചിരുന്നു.
പൊലീസ് പറഞ്ഞ എന്‍.ജി.ഒയ്ക്ക് ആം ആദ്മി പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം. രാജ്യവിരുദ്ധ ശക്തികളെ കൂട്ടുപിടിക്കുകയാണ് എ.എ.പിയെന്നും ബി.ജെ.പി. വക്താവ് സുധാംശു ത്രിവേദി.
കഴിഞ്ഞ 10 മാസമായി അന്വേഷണം നടന്നില്ലെന്നും ബി.ജെ.പി. കഥകള്‍ മെനയുകയാണെന്നും എ.എ.പി. പ്രതികരിച്ചു. എ.എ.പി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് ഒപ്പമാണ് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമെന്ന പുതിയ ആയുധവും ബി.ജെ.പി ഉയര്‍ത്തുന്നത്.