സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമായി നവകേരള ബസ് യാത്ര പുറപ്പെട്ടു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലേക്കാണ് ബസിന്‍റെ കന്നിയാത്ര. ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് നവകേരള സദസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. ആദ്യ നവകേരള സദസും മഞ്ചേശ്വരത്ത് നടക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും. 140 മണ്ഡലങ്ങളും താണ്ടി, സഞ്ചരിക്കുന്ന മന്ത്രിസഭാ ഡിസംബർ 24ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അതേസമയം ധൂര്‍ത്താണ് സര്‍ക്കാരിന്‍റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സദസ് ബഹിഷ്കരിക്കുകയാണ്. 

പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലങ്ങളിലും നവകേരള സദസുകളില്‍ പ്രത്യേക കൗണ്ടർ സൗകര്യമുണ്ടാകും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം ഏകദേശം 120 ഉദ്യോഗസ്ഥരെങ്കിലും സ്ഥിരമായി യാത്രചെയ്യും. അതിന്‍റെ മൂന്നിരട്ടിയെങ്കിലും ഉദ്യോഗസ്ഥര്‍ ജില്ലാതലത്തിലും നവകേരള സദസിനായി പ്രവര്‍ത്തിക്കും. ഇതിനും പുറമെ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും.