• ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി പോയതിനെതിരെ രാഹുല്‍ ഗാന്ധി
  • ‘ഇന്ത്യന്‍ ടീം നന്നായി കളിച്ച് ഫൈനലില്‍ എത്തിയതായിരുന്നു’
  • ‘അപശകുനമെത്തിയതോടെ ടീം തോറ്റു’

 

പ്രധാനമന്ത്രി കളികാണാന്‍ പോയതുകൊണ്ട് ഇന്ത്യയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് നഷ്ടമായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി അപശകുനമാണെന്നാണ് രാഹുല്‍ പരിഹസിച്ചത്. ടീം അംഗങ്ങളെ കാണാന്‍ പ്രധാനമന്ത്രി ഡ്രസിങ് റൂമില്‍ പോയതിനെച്ചൊല്ലിയും രാഷ്ട്രീയപോര് ശക്തമായി. ഇന്ത്യയുടെ ടീം ലോകകപ്പ് ജേതാക്കളാകേണ്ടതായിരുന്നു എന്നാല്‍ അപശകുനം അവിടെ പോയതോടെ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ജലോറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു രാഹുല്‍ മോദിയെ വ്യക്തിപരമായി കടന്നാക്രമിച്ചത്. 

 

രാഹുലാണ് കോണ്‍ഗ്രസിന്‍റെ അപശകുനമെന്ന് ബിജെപി തിരിച്ചടിച്ചു. ഒരു ടീമിനെ സംബന്ധിച്ച് ഡ്രസിങ് റൂം പവിത്രമായ ഇടമാണെന്നും കളിക്കാരെയും സ്റ്റാഫിനെയും അല്ലാതെ മറ്റാരെയും അവിടെ പ്രവേശിക്കാന്‍ അനുവദിക്കാറില്ലെന്നും ടിഎംസി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ആരോപിച്ചു. ഡ്രസിങ് റൂമിന് പുറത്തുവച്ചായിരുന്നു പ്രധാനമന്ത്രി കളിക്കാരെ കാണേണ്ടിയിരുന്നത്. കിടപ്പുമുറിയിലോ, ശുചിമുറിയിലോ വച്ച് തന്നെ പിന്തുണയ്ക്കുന്നവരെ കാണാന്‍ പ്രധാനമന്ത്രി തയ്യാറാകുമോയെന്ന് കീര്‍ത്തി ആസാദ് ചോദിച്ചു. പരാജയത്തില്‍ അസ്വസ്ഥരായിരുന്ന ടീം അംഗങ്ങളുടെ അടുത്തേയ്ക്ക് പ്രധാനമന്ത്രി ക്യാമറയ്ക്കൊപ്പം പോവുകയും ഹ്രസ്വസംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തത് ശരിയായില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി വിമര്‍ശിച്ചു.