പ്രധാനമന്ത്രിപദത്തിലെ ഒരു പതിറ്റാണ്ട് മന്‍മോഹന്‍ സിങെന്ന സൗമ്യനായ രാഷ്ട്രീയക്കാരന് ഒട്ടും എളുപ്പമായിരുന്നില്ല. കോമണ്‍ വെല്‍ത്ത് ഗെയിംസുമായും 2ജി  സ്പെക്​ട്രവുമായും ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും പ്രതിസന്ധികളും ഒന്നിന് പുറമെ ഒന്നായി മന്‍മോഹന്‍ സര്‍ക്കാരിന് മുന്നിലേക്ക് വന്നു. റിമോട്ട് കണ്‍ട്രോള്‍ പ്രധാനമന്ത്രിയെന്നും മൗനിബാബയെന്നുമെല്ലാം പ്രതിപക്ഷം അദ്ദേഹത്തെ പരിഹസിച്ചപ്പോളും മന്‍മോഹന്‍ അക്ഷോഭ്യനായി നിലകൊണ്ടു. 

സോണിയയും മന്‍മോഹനും (ഫയല്‍ ചിത്രം)

അവസാനത്തേതെന്ന് പറയാവുന്ന വാര്‍ത്താസമ്മേളനം മന്‍മോഹന്‍ നടത്തിയത് 2014 ജനുവരിയിലായിരുന്നു. തനിക്കെതിരെയുയര്‍ന്ന വിമര്‍ശനങ്ങളോടെല്ലാം മന്‍മോഹന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ..'ദുര്‍ബലനായൊരു പ്രധാനമന്ത്രിയായിരുന്നു ഞാനെന്ന് വിശ്വസിക്കുന്നില്ല. ഇന്നത്തെ മാധ്യമങ്ങളെക്കാളും പ്രതിപക്ഷത്തെക്കാളും ചരിത്രം എന്നോട് ദയ കാട്ടും. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നടുവില്‍ ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത് മാത്രമെ ചെയ്തിട്ടുള്ളൂ'- മന്‍മോഹന്‍ വിശദീകരിച്ചു. സാഹചര്യങ്ങള്‍ അനുസരിച്ച് ഉചിതമായ തീരുമാനമാണ് എക്കാലവും കൈക്കൊണ്ടത്. ഞാനെന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്ന് കാലം വിലയിരുത്തട്ടെ'യെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു. മന്‍മോഹന്‍റെ പത്തുവര്‍ഷക്കാലത്തെ ഭരണം തീര്‍ത്തും ദുര്‍ബലമായിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിടവാങ്ങലിന് മുന്‍പായി തനിക്ക് പറയാനുള്ളതെല്ലാം മിതമായ വാക്കുകളില്‍ പറഞ്ഞ് മന്‍മോഹന്‍ പടിയിറങ്ങിയത്. 

മോദി കരുത്തനാണെന്നും മന്‍മോഹന്‍ കാര്യപ്രാപ്തയില്ലാത്തയാളാണെന്നുമുള്ള തരത്തില്‍ ബിജെപി കേന്ദ്രങ്ങള്‍ വ്യാപക പ്രചാരണം  2014ല്‍ നടത്തിയതോടെ പ്രചാരണത്തിന്‍റെ മുനയൊടിക്കുന്നതായിരുന്നു മന്‍മോഹന്‍റെ മറുപടി. 'മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തില്‍ കലാപം നടന്നത്. അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കുന്നതിനെയാണ് നിങ്ങള്‍ പ്രധാനമന്ത്രിയുടെ കരുത്തെന്ന് അളക്കുന്നതെങ്കില്‍ എനിക്ക് ആ കരുത്തില്‍ വിശ്വാസമില്ല. ആ കരുത്തല്ല രാജ്യത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് ആവശ്യമുള്ളതെ'ന്നായിരുന്നു മന്‍മോഹന്‍റെ മൂര്‍ച്ചയേറിയ വാക്കുകള്‍. 

ENGLISH SUMMARY:

Addressing a press conference in January 2014, in what was one of his last media interactions, Singh had said, ”I do not believe that I have been a weak Prime Minister … I honestly believe that history will be kinder to me than the contemporary media or for that matter the Opposition in Parliament… Given the political compulsions, I have done the best I could do.