നവകേരള സദസിന്‍റെ പ്രചരണാര്‍ഥം കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി  സിവില്‍ സ്റ്റേഷനിലെ വകുപ്പ് മേധാവികള്‍ക്ക് കത്തുനല്‍കിയത്. നാളെ നടക്കുന്ന ഘോഷയാത്രയില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്നാണ് പ്രസിഡന്‍റ് നിര്‍ദേശിച്ചിരിക്കുന്നത്.  ഇതിനാവശ്യമായ നടപടികള്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. ഓഫിസ് പ്രവര്‍ത്തനം തടസപ്പെടാത്ത രീതിയില്‍ വേണം ഇത് സംഘടിപ്പിക്കാനെന്നും കത്തില്‍ വിശദമാക്കുന്നു. 

 

നവകേരള സദസില്‍ പങ്കെടുക്കുന്നതിനായി അച്ചടക്കമുള്ള സ്കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് തിരൂരങ്ങാടി ഡി.ഇ.ഒ സ്കൂള്‍ മേലധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നിര്‍ദേശത്തിന്‍റെ വാര്‍ത്തയും പുറത്തുവരുന്നത്.  താനൂര്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ നിന്ന് 200 കുട്ടികളെയും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍ നിന്ന് നൂറ് കുട്ടികളെ വീതവും എത്തിക്കാനാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇതിനായി സ്കൂള്‍ ബസ് ഉപയോഗിക്കാനാവുമോ എന്നതിലും കുട്ടികളെ കൊണ്ടുപോകണമെങ്കില്‍ രക്ഷിതാക്കളുടെ അനുവാദം തേടുന്നതും സ്വന്തം നിലയ്ക്ക് ചെയ്യണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ആവശ്യമെങ്കില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കാമെന്നും ഡി.ഇ.ഒ വ്യക്തമാക്കിയിട്ടുണ്ട്.  പരപ്പനങ്ങാടി ഡിഇഒ ഓഫിസില്‍ ചേര്‍ന്ന പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഡിഇഒ നിര്‍ദേശം മുന്നോട്ട് വച്ചത്. സ്കൂള്‍ ബസുകള്‍ നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്നത് നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു. 

 

Kozhikode distritct panchayat president's order for govt employees to participate in procession ahead of navakerala Sadas