ഉരുൾപൊട്ടൽ ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ പ്രഖ്യാപിച്ച 5 സെന്‍റ് ഭൂമി അംഗീകരിക്കാനാവില്ലെന്ന് ദുരന്തബാധിതരുടെ ആക്ഷൻ കമ്മിറ്റി. നെടുമ്പാല ഹാരിസൺ എസ്റ്റേറ്റിലെ പോലെ 10 സെന്റ് തന്നെ വേണമെന്ന ആവശ്യം മന്ത്രി കെ. രാജനെ നേരിട്ടെത്തി അറിയിച്ചു. അതേ സമയം ടൗൺഷിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജനെ നേതൃത്വത്തിൽ ഉന്നതതല യോഗം കൽപ്പറ്റ കലക്ടറേറ്റിൽ തുടങ്ങി.
പുനരധിവാസത്തിനായി കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു വീടിനു 5 സെന്റ് എന്നാണ് സർക്കാർ കണക്ക്. മേപ്പാടിക്കടുത്തു നെടുമ്പാലയിലെ ഹാരിസൺ എസ്റ്റേറ്റിൽ 10 സെന്റും. ഈ തീരുമാനം മാറ്റണമെന്ന ആവശ്യമാണ് ദുരന്തബാധിതരുടെ ആക്ഷൻ കമ്മിറ്റി മന്ത്രി കെ. രാജനെ നേരിട്ടെത്തി അറിയിച്ചത്.
മുണ്ടകൈയിലും ചൂരൽമലയിലും വിശാലമായി കഴിഞ്ഞിരുന്ന ആളുകൾക്കു 5 സെന്റ് മാത്രം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രിയെ അറിയിച്ചു. ആശുപത്രി അടക്കമുള്ള സൗകര്യങ്ങൾ കൽപ്പറ്റയിൽ ഉള്ളതിനാൽ ടൗൺഷിപ്പിൽ പ്രത്യേകം നിർമിക്കേണ്ടതില്ലെന്നും ആ ഭൂമി കൂടി വീടുകൾക്കായി നൽകണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. പ്രഖ്യാപിച്ചത് ആദ്യ ഘട്ടമാണെന്നും ദുരന്തബാധിതരുടെ എല്ലാ ആശങ്കയും പരിഹരിക്കുമെന്നും മന്ത്രി രാജൻ.
അതേസമയം ഉരുൾപൊട്ടൽ ടൗൺഷിപ്പുമായി ബന്ധപ്പെട്ട് മന്ത്രി രാജന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം കൽപ്പറ്റ കലക്ടറേറ്റിൽ തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥരും, കിഫ്‌കോൺ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളും യോഗത്തിലുണ്ട്. വൈകീട്ടോടെ മന്ത്രി കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് സന്ദർശിക്കും.