ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള കാത്തിരിപ്പ് നീളുന്നു. രക്ഷാകുഴലിലെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഡ്രില്ലിങ് ഉപകരണമായ  ഓഗർ യന്ത്രം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.  ബ്ലേഡുകൾ അറുത്തുമാറ്റിയാണ് യന്ത്രം പുറത്തെത്തിക്കുന്നത്. തുടർന്ന് ഓഗർ യന്ത്രം ഒഴിവാക്കി പകരം ദൗത്യസംഘം തന്നെ നേരിട്ട് തുരക്കാനാണ് നീക്കം. ഇതിനൊപ്പം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്ക്ക് രക്ഷാക്കുഴൽ മർദം ഉപയോഗിച്ച് എത്തിക്കും. തൊഴിലാളികൾക്ക് അരികിലെത്താൻ ഇതി ഏതാണ്ട് പത്ത് മീറ്ററോളം അകലമുണ്ട്. ഈ രക്ഷാകുഴൽ ദൗത്യം പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ലെങ്കിൽ തുരങ്കത്തിന്റെ മുകളിൽ നിന്ന് ലംബമായി കുഴിച്ച് തൊഴിലാളികളെ രക്ഷപ്പെടുത്താനുളള സജ്ജീകരണങ്ങളും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.  41 തൊഴിലാളികൾ തുരങ്കത്തിനകത്ത് കുടുങ്ങിയിട്ട് 15 ദിവസമായി.